മരട്: നെട്ടൂർ-മാടവന പി.ഡബ്ല്യൂ.ഡി റോഡിലെ നെട്ടൂർ ചന്തപ്പാലത്തിന്റെ അപ്രോച് റോഡ് താഴേക്ക് ഇരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വടക്കുവശത്തെ അപ്രോച് റോഡാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. കൂടാതെ കൈവരിയുടെ കുറച്ചുഭാഗം അകന്ന് വിടവ് വന്നിട്ടുണ്ട്.
നെട്ടൂർ-മാടവന റോഡിലെ കുപ്പിക്കഴുത്ത് പോലുള്ള ചന്തപ്പാലം പൊളിച്ച് നെട്ടൂർ ചന്തത്തോടിനു കുറുകെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2024 ജനുവരി 19ന് നെട്ടൂർ ചന്തപ്പാലം പൊളിച്ച് വീതികൂട്ടി പാലം നിർമിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിയായി സർവേ ആരംഭിച്ച് ആറുമാസം പിന്നിട്ടു. ഭരണാനുമതി ലഭിച്ച് ഒന്നര വർഷത്തിനുശേഷമാണ് സർവേ ആരംഭിച്ചത്. അഞ്ചര മീറ്ററുള്ള പാലം പൊളിച്ച് 11 മീ. വീതിയിലാണ് നിർമിക്കുന്നത്. ബൈറോഡ് ഉൾപ്പെടെ 23 മീ. വീതിയാണുണ്ടാവുക.
ചന്തത്തോടിനു കുറുകെ പുതിയ പാലം നിർമിക്കുമെന്ന് അവകാശവാദവുമായെത്തിയ തൃപ്പൂണിത്തുറയിലെ രണ്ട് എം.എൽ.എമാരുടെ വാദത്തിന് നാലര വർഷം പഴക്കമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എൽ.എ എം. സ്വരാജാണ് പൊളിച്ചുപണിയുമെന്ന അവകാശവാദവുമായി ആദ്യമെത്തിയത്. പിന്നീട് ജയിച്ച നിലവിലെ എം.എൽ.എ കെ. ബാബു 19 കോടി ഭരണാനുമതി ലഭിച്ചെന്ന അവകാശവാദവുമായെത്തി. ഇതോടെ ദുരിതയാത്രക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചത്. പാലത്തിൽ കുണ്ടും കുഴിയുമായതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. തുടർനടപടികൾ വേഗത്തിലാക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
കാക്കനാട്: ശക്തമായ മഴയെത്തുടർന്ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി പാരിഷ് ഹാളിന്റെ അരികിലുള്ള അട്ടിപ്പേറ്റി റോഡ് ഇടിഞ്ഞു. ആറുമാസം മുമ്പ് നിർമിച്ച റോഡാണ് തകർന്നത്. എട്ടടിയോളം റോഡ് ഇടിഞ്ഞ നിലയിലാണ്. സമീപത്തെ അയ്യനാട് സ്കൂളിന്റെ മതിലും ഇടിഞ്ഞു. അപകടത്തെ തുടർന്ന് റോഡരികിലുള്ള വൈദ്യുതി തൂണും നിലംപൊത്താവുന്ന നിലയിലാണ്.
സമീപത്തെ ഇടപ്പള്ളി തോട്ടിൽനിന്ന് ആഴ്ചകൾക്കുമുമ്പ് ചളി നീക്കിയിരുന്നു. സംരക്ഷണ ഭിത്തിയുടെ സമീപത്തെ മണ്ണ് നീക്കംചെയ്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്നാണ് സൂചന. ആറുമാസം മുമ്പാണ് നഗരസഭ 25 ലക്ഷം മുടക്കി റോഡ് നവീകരിച്ചത്. നിരവധി കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളിലേക്കും 40ഓളം കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്കുമുള്ള പ്രധാന റോഡായിരുന്നു അട്ടിപ്പേറ്റി റോഡ്.
റോഡ് നിർമാണത്തിലെ അപാകതയാണ് അട്ടിപ്പേറ്റി റോഡ് തകരാൻ കാരണമെന്നും അഴിമതി അന്വേഷിക്കണമെന്ന് സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കാക്കനാട് കലക്ടറേറ്റ് വളപ്പിലെ ശൗചാലയത്തിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. പൊതുമരാമത്ത് വിഭാഗമെത്തി മരം വെട്ടിമാറ്റി. കാക്കനാട്-സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ഓണംപാർക്കിന് സമീപം മരം മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തൃക്കാക്കര അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
തൃപ്പൂണിത്തുറ: ശക്തമായ കാറ്റ് മുളന്തുരുത്തിയിലും ആരക്കുന്നത്തും ചോറ്റാനിക്കരയിലും നാശംവിതച്ചു. ചോറ്റാനിക്കര ആറാം വാർഡ് തലക്കോട് പുത്തൻ മണ്ണത്ത് ഷാജുവിന്റെ 400ഓളം വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററിന് മുന്നിലെ കൽക്കൊടിമരം കാറ്റിൽ ഒടിഞ്ഞുവീണു. മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ആരക്കുന്നം-ഒലിപ്പുറം, ആരക്കുന്നം ചെത്തിക്കോട് റോഡുകളിലായി ആറിടങ്ങളിൽ മരം കടപുഴകി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ, പുളിക്കമാലി റോഡുകളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കാറ്റിൽ വീണു. വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനാൽ ആരക്കുന്നം കെ.എസ്.ഇ.ബി സെക്ഷന് കീഴിൽ വൈദ്യുതിബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.