പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടത്തിനുള്ള സ്ഥലം വിട്ടുനൽകാമെന്ന് ചൂണ്ടിക്കാട്ടി കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി.
ഈ ആവശ്യമുന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു. നേരത്തേ നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിയും നൽകിയിരുന്നു. പിണർമുണ്ട-ബ്രഹ്മപുരം റോഡിലെ ഫേസ് രണ്ടിലെ കിഴക്കുവശത്തെ ഗേറ്റുമായി ബന്ധിപ്പിക്കുന്ന 12 മീ. വഴിയാണ് റവന്യൂ വകുപ്പ് ഇൻഫോപാർക്കിന് വിട്ടുനൽകേണ്ടത്. ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് ജോലിക്കായി പോകുന്നവർക്കും അടുത്തുള്ള സ്കൂളിലെ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന റോഡാണിത്.
കൂടാതെ ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് എത്തുന്നവർക്കും ഇത് വലിയ പ്രയോജനമാണ്. ഇപ്പോൾ ഈ മേഖലയിലുള്ളവർ മൂന്ന് കി.മീ. കറങ്ങി വേണം സ്കൂളിലും മറ്റും എത്തിച്ചേരാൻ. ഇപ്പോൾ ഈ പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. കാട്ടിലൂടെയാണ് ആളുകൾ നടന്നുപോകുന്നത്. എന്നാൽ, റോഡ് നിർമാണത്തിന് ആവശ്യമായ 22 സെൻറ് സ്ഥലം കുന്നത്തുനാട് പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയിൽപെടുന്നതാണ്.
2009 നവംബർ 10ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഈ സ്ഥലം റോഡ് നിർമാണത്തിനും ഇൻഫോപാർക്ക് കിഴക്കേ കവാടം നിർമിക്കുന്നതിനും വിട്ടുനൽകാൻ എതിർപ്പില്ലെന്ന് സർക്കാറിനെ അറിയിച്ചിരുന്നു.
പുതിയ ഭരണസമിതി ഗേറ്റ് നിർമാണത്തിനുള്ള സ്ഥലം മാത്രം വിട്ടുകൊടുക്കാമെന്നാണ് പ്രമേയത്തിലൂടെ അറിയിച്ചത്. ഗേറ്റ് നിർമാണം നീളുമെന്നും അതിനാൽ ഇത് പൂർണമായും വിട്ടുകൊടുക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.