പള്ളിക്കര: 25 വർഷത്തിലധികമായി ഭിന്നശേഷി കുട്ടികളുടെ അധ്യാപികയായ സൂസി ടീച്ചറുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 1997 ജൂണിൽ സ്വന്തം വീട്ടുമുറ്റത്താണ് ഭിന്നശേഷിക്കാർക്കായി സ്ഥാപനം ആരംഭിച്ചത്.അന്ന് 12 കുട്ടികളും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പെടെ സ്വന്തം കൈയ്യിൽ നിന്ന് നൽകിയാണ് മുന്നോട്ട് പോയിരുന്നത്.
ഭർത്താവ് ജേക്കബ് മാത്യുവിന്റെ പൂർണ പിന്തുണയും ബലമേകി. കുട്ടികളുടെ എണ്ണം കൂടിയതോടെ 2010ൽ സ്ഥാപനം പഞ്ചായത്ത് ഏറ്റെടുക്കുകയും പിന്നീട് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് സ്വന്തമായ സ്ഥലത്താണ് ‘ആശിയാന’ ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇതുവരെ 118 കുട്ടികൾ ഇവിടെ പഠിച്ചുപോയി. ഇപ്പോൾ 56 കുട്ടികളുണ്ട്. 75 വയസ്സ് വരെ സൂസി ഇവിടെ അധ്യാപികയായി ജോലി ചെയ്യുകയും സംസ്ഥാനത്തെ ഒന്നാമത്തെ ബഡ്സ് സ്കൂളായി മാറ്റുകയും ചെയ്തു.
കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി അവരെ ഉയർത്തികൊണ്ട് വരുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. എം.എ സൈക്കോളജി പഠനം പൂർത്തിയാക്കി അഞ്ചുവർഷം തൃപ്പുണിത്തുറയിലെ ഭിന്നശേഷിക്കാർക്കുള്ള കോളജിൽ അധ്യാപികയായിരിക്കെ പള്ളിക്കരയിൽ നിന്നടക്കം കുട്ടികളുമായി വരുന്ന രക്ഷാകർത്താക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജോലി ഉപേക്ഷിച്ചാണ് സ്വന്തം വീട്ടിൽ സ്ഥാപനം തുടങ്ങിയത്.
മോറക്കാല സ്കൂളിൽ നടന്ന അനുശോചനയോഗം പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി ഔസേപ്പ് ഉദ്ഘാടനം ചെയ്തു. എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.കെ. രമേശ്, ലവിൻ ജോസഫ്, സിജി ബാബു, ഷിഹാബ്, സക്കരിയ പള്ളിക്കര, സാബു വർഗീസ്, സൂസൻ തോമസ്, ഷാജി ജോർജ്, ജിജോ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.