പെരുമ്പാവൂര്‍: പെരിയാറിലെ ഓണമ്പിള്ളി പാറക്കടവില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അപകടം ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളിയാഴ്ച 19 വയസ്സുള്ള മുഹമ്മദ് അല്‍ഫാസാണ് മുങ്ങിമരിച്ചത്. നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന ഒക്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പാറക്കടവിലെ അപകട സാധ്യതകള്‍ കണ്ടെത്തി പരിഹരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഇറിഗേഷന്‍ പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്ന പ്രധാന കടവാണിത്.
മൂന്ന് വര്‍ഷം മുമ്പ് അന്തര്‍ സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചതാണ് ഒടുവിലെ സംഭവം. അതിന് മുമ്പും നിരവധി ആളുകള്‍ ഇവിടെ മരിച്ചിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം നീന്തല്‍ വശമുള്ളവരായിരുന്നു. നിരവധി പാറക്കൂട്ടങ്ങള്‍ ഉള്ളതുകൊണ്ടാണ് പാറക്കടവെന്ന പേരുള്ളത്. വഴുക്കലുള്ള ഈ പാറകള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. ആഴത്തിലുള്ള കഴങ്ങളുള്ളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കരയില്‍നിന്ന് നോക്കുമ്പോൾ ഒഴുക്ക് ദൃശ്യമാകാത്തതിനാല്‍ അപകടം പതിയിരിക്കുന്നത് അറിയില്ല. അടിയൊഴുക്കുള്ളതുകൊണ്ട് മുങ്ങിപ്പോകുന്നവരെ കരക്കെടുക്കുക എളുപ്പമല്ല.
അഗ്നിരക്ഷ സേനാംഗങ്ങള്‍ പോലും പല അപകടങ്ങളിലും നിസ്സഹായരായിട്ടുണ്ട്. പലപ്പോഴും നീന്തലും കയങ്ങൾ അറിയാവുന്നവരുമായ നാട്ടുകാരാണ് അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നത്.
സമീപത്തെ സ്ത്രീകള്‍ ഉള്‍പ്പടെ കുളിക്കാനും തുണികള്‍ അലക്കാനും ആശ്രയിക്കുന്നതാണ് കടവ്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിദ്യാര്‍ഥികളും യുവാക്കളും കുളിക്കാനും നീന്താനും എത്തുന്നു. പ്രദേശത്തെ കമ്പനികളിലും മറ്റും തൊഴിലെടുക്കുന്നവരും വാടകക്ക് താമസിക്കുന്നവരുമായ അന്തര്‍ സംസ്ഥാനക്കാരെല്ലാം കുളിക്കാനു അലക്കാനും എത്തുന്നത് കടവിലാണ്.
ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഇത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടുന്നില്ല.
വേനലിലും 40 അടിയോളം താഴ്ചയുണ്ട് ചില ഭാഗങ്ങളില്‍. ആഴമേറിയ സ്ഥലങ്ങളിലേക്ക് ആളുകള്‍ ഇറങ്ങാത്ത തരത്തില്‍ കമ്പി വേലി കെട്ടി സംരക്ഷിക്കണമെന്നും വെള്ളത്തിലേക്ക് ഇറങ്ങാന്‍ ആവശ്യമായ ചവിട്ടുപടികള്‍ നിര്‍മിക്കണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നതും പ്രധാന ആവശ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.