പെരുമ്പാവൂര്‍: കണ്ടന്തറ മേഖലയില്‍ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നതില്‍ പ്രതിഷേധമുയരുന്നു. ദിനംപ്രതി ഹെറോയിന്‍ ഉള്‍പ്പെടെ മുന്തിയ ഇനം മയക്കുമരുന്നുകള്‍ പിടികൂടുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കച്ചവടക്കാരെ പിടികൂടാന്‍ പൊലീസിനും എക്സൈസിനും സാധിക്കുന്നില്ലെന്നാണ് ആരോപണം. ശനിയാഴ്ച 25 ലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി തമിഴ്നാട് സ്വദേശി എക്സൈസിന്റെ പിടിയിലായി. തിങ്കളാഴ്ച 95 കുപ്പികളിലാക്കിയ ഹെറോയിനുമായി നാല് അന്തര്‍ സംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചു. മാര്‍ച്ച് 29ന് 16.63 ഗ്രാം ഹെറോയിനുമായി യുവതിയെ കണ്ടന്തറയിലെ വാടകക്കെട്ടിടത്തില്‍നിന്ന് എക്സൈസ് സംഘം പിടികൂടി. യുവതിക്ക് ഹെറോയിന്‍ നല്‍കിയത് ശനിയാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പുറംലോകം അറിയുന്നതും അറിയാത്തതുമായ നിരവധി കേസുകള്‍ എക്സൈസും പൊലീസും പിടികൂടുന്നുണ്ട്. പലപ്പോഴും പിടിയിലാകുന്നവര്‍ അന്തര്‍ സംസ്ഥാനക്കാര്‍ വാടകക്ക് താമസിക്കുന്ന കണ്ടന്തറയില്നിന്നാണെന്നത് ശ്രദ്ധേയമാണ്. കച്ചവടക്കാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചില്ലറ വില്പനക്കാരായ അന്തര്‍ സംസ്ഥാനക്കാരെ സഹായിക്കുന്ന ലോബി കച്ചവടത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടുന്നത്. ഇത്രയും പണം ഇവരുടെ കൈകളില്‍ വന്നെത്തുന്നത് എങ്ങനെയെന്നത് അന്വേഷണവിധേയമാക്കുന്നില്ല. പെരുമ്പാവൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ഏജന്റുമാരുണ്ടെന്നാണ് വിവരം. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഒരിക്കല്‍ പിടിയിലായി പുറത്തിറങ്ങുന്നവര്‍ വീണ്ടും കച്ചവടവുമായി സജീവമാകുകയാണ്. ആദ്യകാലങ്ങളില്‍ പെരുമ്പാവൂര്‍ മേഖലയില്‍ അന്തര്‍ സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് കഞ്ചാവും വാറ്റുചാരായവുമായിരുന്നു കച്ചവടം. ഇപ്പോള്‍, ഒരുകാലത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മാത്രം വിറ്റഴിച്ചിരുന്ന വീര്യമേറിയ മയക്കുമരുന്നുകളാണ് ഇറക്കുമതി ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വില്പനയെന്നാണ് മിക്കപ്പോഴും പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.