പെരുമ്പാവൂര്‍: ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ‘വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ - 2024’ പങ്കെടുക്കാന്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍.
പെരുമ്പാവൂര്‍ ആര്.എഫ്.ഒ ക്ലബ് അംഗങ്ങളായ എ.എ. അബ്ന, ഗായത്രി ലീമോന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്. 10 കൊല്ലമായി ആര്.എഫ്.ഒ ക്ലബ്ബില്‍ റോളര്‍ സ്കേറ്റിങ് പരിശീലിക്കുന്ന അബ്ന സ്പീഡ് സ്കേറ്റിങ് സീനിയര്‍ വിഭാഗത്തിലും ഗായത്രി ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ നടക്കുന്ന ഡൗണ്‍ ഹില്‍ സ്കേറ്റിങ് വിഭാഗത്തിലുമാണ് മാറ്റുരക്കുന്നത്. 2021ലും 2023ലും ദേശീയ മെഡലുകള്‍ നേടിയ അബ്ന 2024 ല്‍ ആള് ഇന്ത്യ ഇന്റര്‍ യൂനിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. അബ്നയുടെ മികവിലാണ് എം.ജി യൂനിവേഴ്സിറ്റി ആദ്യമായി റണ്ണറപ്പായത്. പൂത്തോട്ട ശ്രീനാരായണ ലോ കോളജില്‍ രണ്ടാം സെമസ്റ്റര്‍ ബി.കോം എല്‍.എല്‍.ബി വിദ്യാര്‍ഥിനിയാണ്. ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസറായ ആമ്പല്ലൂര്‍ അമ്പിളി നിവാസില്‍ സി.സി. അജയകുമാറിന്റേയും അധ്യാപികയായ എം.എച്ച്. ബിനുവിന്റേയും മകളാണ്.
10 വര്‍ഷമായി ആര്.എഫ്.ഒ. ക്ലബ് അംഗമായ ഗായത്രി രണ്ടു കൊല്ലമായി ഡൗണ്‍ഹില്‍ സ്കേറ്റിങില്‍ ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ്. സി.ബി.എസ്.ഇ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്. സഹോദരന് 10ാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തറേപ്പറമ്പില്‍ ടാക്സ് കണ്‍സള്‍ട്ടന്റുമാരായ ലീമോന്‍ അശോകിന്റേയും ജെയ്നിയുടേയും മകളായ ഗായത്രി കടയിരുപ്പ് സെയ്ന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. 2009ല്‍ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കെ.എസ്. സിയാദിന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.