പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയത് വ്യാപാര മേഖലയെ സാരമായി ബാധിച്ചു. റമദാന് ആഘോഷത്തിനും വോട്ട് ചെയ്യുന്നതിനും വേണ്ടി നിരവധി വടക്കേ ഇന്ത്യന്‍ സംസ്ഥാനക്കാരാണ് ഇവിടം വിട്ടത്. ഏക സിവില്‍ കോഡ് ഭീഷണി നിലനില്ക്കുന്നതും നിര്‍ബന്ധിത സമ്മതിദാനാവകാശത്തിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബലിപെരുന്നാൾ ആഘോഷത്തിന് ശേഷമായിരിക്കും പലരും ഇവിടേക്ക് മടങ്ങുക. ഹോട്ടല്‍, ബേക്കറി, പഴം, പച്ചക്കറി, മൊബൈല്‍ കടകളിലെ ഭൂരിഭാഗം ജോലിക്കാരും അന്തര്‍ സംസ്ഥാനക്കാരാണ്. തൊഴിലാളികള്‍ ഇല്ലാത്തതുകൊണ്ട് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായി.
പ്ലൈവുഡ് കമ്പനികള്‍, അരി കമ്പനികള്‍, ക്വാറി, ക്രഷര്‍ എന്നിവയുടെ പ്രവര്‍ത്തനവും ഇവരില്ലാത്തതുകൊണ്ട് മന്ദഗതിയിലാണ്. ചില പ്ലൈവുഡ് കമ്പനികളില്‍നിന്ന് പകുതിയില്‍ അധികം പേരും പോയിട്ടുണ്ട്. നഗരത്തിലെ ഞായറാഴ്ച കച്ചവടം ഇവരെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഉള്‍പ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നവരും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് നഗരത്തിലാണ്. ചിക്കന്‍, ബീഫ്, പഴം, പച്ചക്കറി തുടങ്ങിയവയുടെ സ്ഥിരം ഉപഭോക്താക്കളാണ് ഇവരില്‍ അധികവും. പി.പി റോഡില്‍ ഇവര്‍ക്കായി ഭായി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നു. ഞായറാഴ്ച മാത്രം ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുമാണ് വിറ്റഴിക്കുന്നത്. ബസ്, ഓട്ടോ എന്നിവയുടെ വരുമാനത്തെയും ഇവരുടെ അഭാവം ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.