കൊച്ചി: യു.ഡി.എഫിെൻറ സഖ്യകക്ഷികളിലൊന്നായ കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ സ്വന്തം നാടാണ് പിറവം. ഒരേസമയം നഗരത്തിരക്കും ഗ്രാമീണ ചാരുതയും ഉള്ളിൽ സൂക്ഷിക്കുന്ന പിറവം മണ്ഡലത്തിലേക്കെത്തുമ്പോൾ അന്തരീക്ഷത്തിലെന്ന പോൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ചൂടൽപം കുറവാണ്. നാട്ടിൻപുറങ്ങളിലാണ് പ്രചാരണത്തിന് ഓളമേറെ.
കേരള കോൺഗ്രസ്(ജേക്കബ്) പാർട്ടി സ്ഥാപകനും മുൻമന്ത്രിയുമായ ടി.എം. ജേക്കബിെൻറ മകൻ അനൂപ് ജേക്കബുതന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. ഏറെ വിവാദങ്ങൾക്കിടയാക്കിയ സ്ഥാനാർഥിത്വമായിരുന്നു ഇടതുപക്ഷത്തിെൻറ ഡോ. സിന്ധുമോൾ ജേക്കബിേൻറത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ഇടതിലെ പ്രശ്നങ്ങൾകൂടി വരുമ്പോൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് എങ്കിൽ, ഒരുമാറ്റം മണ്ഡലം ആഗ്രഹിക്കുെന്നന്ന വിലയിരുത്തലിൽ സിന്ധുമോൾക്ക് ജയം ഉറപ്പെന്ന് ഇടത് ക്യാമ്പും പ്രതീക്ഷിക്കുന്നു. എം. ആശിഷാണ് എൻ.ഡി.എ സ്ഥാനാർഥി.
ബസ് സ്റ്റാൻഡിൽനിന്ന് ഏറെ അകലെയല്ല പിറവം മാർക്കറ്റ്. മത്സ്യ, പച്ചക്കറി കച്ചവടക്കാരും വോട്ടുചർച്ചയിൽനിന്ന് ഒഴിയുന്നില്ല. ആരു ജയിച്ചാലും ജനങ്ങൾക്ക് ഉപകാരപ്പെടണമെന്നാണ് കച്ചവടക്കാരി ഗിരിജയുടെ ആഗ്രഹം. ഇടതുസ്ഥാനാർഥി സിന്ധുമോൾ ജയിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.
തൊട്ടപ്പുറത്തെ വിൽപനക്കാരി സരോജിനിക്കും അഭിപ്രായം ഇതുതന്നെ. തെല്ലകലെ 30 വർഷമായി പച്ചമീൻ വിൽക്കുന്ന ഓമനയുടെ വാക്കുകളിൽ പക്ഷേ സർക്കാറിന്റെ പിൻവാതിൽ നിയമനത്തോടുള്ള പ്രതിഷേധമുണ്ട്.
പെൻഷനും കിറ്റും മാത്രമല്ല വിഷയം. അഭ്യസ്തവിദ്യരായ മക്കൾ തൊഴിലില്ലാതെ നാട്ടിലും കുടുംബത്തിലുമുണ്ട്. അവർക്ക് തൊഴിൽ നൽകാൻ സർക്കാറിനായോ എന്ന ചോദ്യത്തിന് മൂർച്ചയേറെ. 85 സീറ്റുമായി യു.ഡി.എഫ് ഇത്തവണ അധികാരത്തിലെത്തുമെന്ന് ഉറച്ചവാക്കുകളിൽ പറയുന്നത് പച്ചക്കറി കച്ചവടക്കാരനായ തങ്കച്ചനാണ്. ഞങ്ങടെ എം.എൽ.എ(അനൂപ് ജേക്കബ്) സൂപ്പറാണ് എന്ന് തനിമയാർന്ന ഭാവഹാവാദികളോടെ പച്ചക്കറി വിൽക്കുന്ന വത്സലയും പറഞ്ഞുനിർത്തി.
കോൺഗ്രസിലെ അനൈക്യവും പിണറായിയുടെ നേതൃപാടവവും വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുമെന്നായിരുന്നു മുൻ വികാരി പി.ഡി. ജോണിെൻറ വാക്കുകൾ.
പിറവം ടൗണിൽ ബസ് സ്റ്റാൻഡിനടുത്ത് ടാക്സി ഹൗസ് നടത്തുന്ന പി.വി. ജോഷിയുടെ കടയിലും രാഷ്ട്രീയ വർത്തമാനങ്ങൾ മുറുകുകയാണ്. പിറവത്തെ പാലമല്ലാതെ കാര്യമായൊന്നും അനൂപിന് വികസനമെന്ന പേരിൽ അവകാശപ്പെടാനില്ലെന്ന് കർഷകനായ പി.എം. ബാബു പറയുമ്പോൾ പലരും ഒപ്പം ചേരുന്നു. അപ്പനും മകനും മന്ത്രിയായിട്ടും പിറവം ഇന്നും പഴയപോലെതന്നെയെന്ന് ബാബു.
പിണറായി പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്നിങ്ങനെ വാദങ്ങൾ നീണ്ടു. നാട്ടിലെ വികസനം ഫ്ലക്സിൽ മാത്രമേയുള്ളൂവെന്ന് റിട്ട.ഗവ. ജീവനക്കാരനായ പൊന്നപ്പെൻറ പക്ഷം. എം.എൽ.എ അറിയാതെ ഡിവൈ.എസ്.പി ഓഫിസ് പിറവത്തുനിന്ന് പോയത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. പിന്നെന്തുകൊണ്ട് വീണ്ടും വീണ്ടും ജയിക്കുെന്നന്ന ചോദ്യത്തിന് യു.ഡി.എഫിന്റെ ഉറച്ച സീറ്റായതുകൊണ്ടാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും ജോഷി പ്രതീക്ഷ പങ്കുവെച്ചു.
ആകെ ഒരു മാൾ ഉണ്ടാക്കിയതല്ലാതെ അനൂപ് ജേക്കബിനെകൊണ്ട് പ്രയോജനമില്ലെന്നാണ് അദ്ദേഹവും പറയുന്നത്. ജനം പട്ടിണിയാവാതിരിക്കാൻ ചെയ്ത കാര്യങ്ങൾ മാത്രം മതി സർക്കാർ വീണ്ടും അധികാരത്തിലെത്താൻ, കിറ്റ് ഒരു ചെറിയ കാര്യമാണോ എന്ന ചോദ്യവുമായെത്തിയത് ബെന്നിയാണ്.
എടക്കാട്ടുവയൽ പഞ്ചായത്തിലെ വിടാങ്ങരയിെല ചായക്കടയിൽ രാവിലെതന്നെ വോട്ടുചർച്ച കൊഴുക്കുകയാണ്. ''നമുക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന, നമുക്കിടയിൽതന്നെയുള്ള എം.എൽ.എയാണ് അനൂപ് ജേക്കബ്. അദ്ദേഹമിനി ഇന്നാടിനായി ഒന്നും ചെയ്യാൻ ബാക്കിയില്ല. അതുകൊണ്ട് ഇത്തവണയും അനൂപുതന്നെയാവും എം.എൽ.എ'' ചൂടുള്ള ചായയിൽനിന്നൊരു ബ്രേക്കെടുത്ത് കാറ്ററിങ് ജോലിക്കാരനായ കെ.ആർ. ശശിയാണ് തുടക്കമിട്ടത്.
പിറവത്തിന് കെട്ടിയിറക്കിയ സ്ഥാനാർഥി വേണ്ടെന്നാണ് സുഹൃത്തായ മോഹനെൻറ അഭിപ്രായം. എന്നാൽ, ഓട്ടോ ഡ്രൈവറായ വിജയന് അതംഗീകരിക്കാൻ മനസ്സില്ല. മികച്ച ഭരണം കാഴ്ചവെച്ച പിണറായി സർക്കാർ വീണ്ടുമെത്തുമെന്നും അതിെൻറ അലയൊലിപോലെ പിറവത്തും ഇടതുസ്ഥാനാർഥി ജയിക്കുമെന്നും അദ്ദേഹം വാദിക്കുന്നു.
സർക്കാറിനെക്കുറിച്ച് പുറത്തുവന്ന അഴിമതിക്കഥകൾ നിരത്തിയാണ് എതിരാളികളുടെ പ്രതിരോധം. ഇതിനിടെ, പിണറായി സർക്കാറിെൻറ പിൻവാതിൽ നിയമനത്തെയും സ്വർണക്കടത്ത് േകസിനെയുമെല്ലാം രൂക്ഷമായി വിമർശിച്ച് രാജൻ പുത്തൻപറമ്പും കൂടിയതോടെ ചായ്പേ ചർച്ചക്ക് ചൂടേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.