പറവൂർ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. 2015 ഫെബ്രുവരി നാലിന് കണ്ണൂർ സ്വദേശിയും ഇലക്ട്രിക്കൽ കോൺട്രാക്ടറുമായിരുന്ന പ്രജോഷിനെ കൊലപ്പെടുത്തിയ കേസിൽ തായിക്കാട്ടുകര കരിപ്പായി വീട്ടിൽ അജാസിനെയാണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
വായ്പ വാങ്ങിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലി സുഹൃത്തായ പ്രജോഷിനെ രാത്രി 11ന് കമ്പനിപ്പടി ദേശീയ പാതക്കരികിൽ മറ്റ് സുഹൃത്തുക്കൾ നോക്കിനിൽക്കെ കുത്തിയും വെട്ടിയും കൊന്നശേഷം ആലുവ കാരോത്തുകുഴി ആശുപത്രിയിൽ മൃതദേഹം ഉപേക്ഷിച്ച് അജാസ് സ്ഥലം വിട്ടു എന്നാണ് കേസ്. പ്രതിയെ തിരുവനന്തപുരത്ത് സിനിമ ഷൂട്ടിങ് സ്ഥലത്തുനിന്ന് 10 ദിവസത്തിനുശേഷം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ബി. വിജയൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന അജാസ്, സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന ആരോപണം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചെങ്കിലും തെളിവിന്റെ അഭാവത്തിൽ സെഷൻസ് ജഡ്ജി മുരളീ ഗോപാൽ പണ്ടാല വെറുതെ വിടുകയായിരുന്നു.പ്രമുഖ ഫോറൻസിക് വിദഗ്ധൻ ഉന്മേഷ് അടക്കം 43 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചെങ്കിലും കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. പ്രോസിക്യൂഷനുവേണ്ടി അഡീ. ജില്ല പ്രോസിക്യൂട്ടർമാരായ പി. ശ്രീറാം എന്നിവരും പ്രതിക്കുവേണ്ടി അഡ്വ. പി.എ. അയ്യൂബ്ഖാനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.