കൊച്ചി: കോവിഡ് മൂലം സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലക്ക് 308 കോടിയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ചെമ്മീൻ ഉൽപാദനം ഗണ്യമായി കുറഞ്ഞത് കണ്ടെത്തിയത്. സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ ചെമ്മീൻ ഉൽപാദനം 500 ടൺവരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. മേഖലയിലെ ആയിരക്കണക്കിന് പേർക്ക് തൊഴിലും നഷ്ടമായി.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിത്ത്, തീറ്റ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് പ്രശ്നമായത്.
തയാറെടുപ്പുകൾ പൂർത്തീകരിച്ച ശേഷം വിത്തും തീറ്റയും ലഭിക്കാത്തതിനാൽ 50 ശതമാനം കർഷകർ കൃഷിയിൽനിന്ന് പിന്തിരിഞ്ഞു. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള തീറ്റവരവ് ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായത് വില കൂടാനും കാരണമായി. കൃഷി തുടങ്ങിയ മിക്കവരും രോഗവ്യാപനം ഭയന്ന് ചെമ്മീൻ പൂർണവളർച്ചയെത്തും മുമ്പ് വിളവെടുത്തത് നഷ്ടത്തിന് ആക്കം കൂട്ടി. 80 ദിവസം വേണ്ടിടത്ത് 25 ശതമാനം കർഷകരും 30 ദിവസത്തിനുള്ളിൽ വിളവെടുത്തു. 10 ശതമാനം കർഷകരാണ് 80 ദിവസം കാലാവധി പൂർത്തിയാക്കിയത്.
ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം വെളിപ്പെടുത്തുന്നു. കൃഷി, സംസ്കരണം, വിതരണം എന്നീ രംഗങ്ങളിലായി ഇത്രയും പേർക്ക് ഒരു കൃഷി സീസണിലെ തൊഴിൽ ഇല്ലാതായതിലൂടെ നഷ്ടം 108 കോടിയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയുടെ ചെമ്മീൻ ഉൽപാദനത്തിൽ മുൻവർഷത്തെക്കാൾ 40 ശതമാനത്തോളം ഇടിവാണ് കണക്ക് കൂട്ടുന്നതെന്ന് സിബ ഡയറക്ടർ ഡോ. കെ.കെ. വിജയൻ പറഞ്ഞു.
നിലവിൽ 3144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻ കൃഷി. പുറത്തുനിന്നുള്ള ചെമ്മീൻ വിത്തുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്തെ അക്വാകൾചർ ക്വാറൻറീൻ സംവിധാനം മെച്ചപ്പെടുത്തണമെന്ന് പഠനം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.