ഇന്ന് അർധരാത്രി ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ കടലിൽനിന്ന് മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി. വൈപ്പിൻ കാളമുക്ക് ഹാർബറിൽ എത്തിയ ബോട്ടുകളിലെ വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കുന്ന തൊഴിലാളികൾ. ചിത്രം: ബൈജു കൊടുവള്ളി

ട്രോളിങ് നിരോധനം അശാസ്ത്രീയമെന്ന്

മട്ടാഞ്ചേരി: ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബോട്ടുടമകൾ. 34 വർഷമായി നടപ്പാക്കുന്ന ട്രോളിങ് നിരോധനം കൊണ്ട് പ്രതീക്ഷിച്ച ഗുണം ഇതുവരെ ഉണ്ടായില്ലെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്തിയാസ് പറയുന്നു.

ആഴക്കടലിലടക്കം വൻ തോതിൽ സമുദ്രത്തിന്‍റെ അടിത്തട്ടിലെ മത്സ്യങ്ങൾ തീരത്തേക്ക് വരുന്ന സമയത്താണ് ഇവിടെ ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. തൻമൂലം കേരളതീരത്തെ മത്സ്യ സമ്പത്ത് അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്. കോടിക്കണക്കിന് വിദേശ നാണ്യമാണ് സംസ്ഥാനത്തിന് ഇത് മൂലം നഷ്ടമാകുന്നത്.

90 ശതമാനം മത്സ്യവും പ്രജനനം നടത്തുന്നത് ഡിസംബർ,ജനുവരി മാസങ്ങളിലാണ്. അശാസ്ത്രീയമായ ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ളവ മൂലം സംസ്ഥാനത്തെ മത്തി ലഭ്യത ഗണ്യമായി കുറഞ്ഞു. ഒമ്പത് സംസ്ഥാനങ്ങളിൽ കേരളം ഒഴികെയുള്ളിടത്ത് സമ്പൂർണ മത്സ്യബന്ധന നിരോധനം നടപ്പാക്കുമ്പോൾ കേരളത്തിൽ മാത്രം ട്രോളിങ് നിരോധനം നടപ്പാക്കുകയാണ്.

മറ്റിടങ്ങളിൽ പത്ത് എച്ച്.പിക്ക് താഴെയുള്ള യാനങ്ങൾക്ക് മാത്രം മത്സ്യബന്ധനം അനുവദിക്കുമ്പോൾ കേരളത്തിൽ ഇൻബോർഡ്,ഔട്ട് ബോർഡ് യാനങ്ങൾക്ക് മത്സ്യബന്ധനം അനുവദിക്കുന്നതിനാൽ നിരോധനം ഫലവത്താകുന്നില്ല. ഈ സാഹചര്യത്തിൽ ട്രോളിങ് നിരോധനം പ്രഹസനമാണെന്നും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടലോളം നഷ്ടമെന്ന് ബോട്ട് ഉടമകൾ

പറവൂർ: വ്യാഴാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുമ്പോൾ കഴിഞ്ഞ സീസണിലെ നഷ്ടക്കണക്കുകളോർത്ത് നെടുവീർപ്പുമായി ബോട്ട് ഉടമകളും തൊഴിലാളികളും. കോവിഡ് മൂലം ഹാർബറുകൾ തുറക്കാതായ നാളുകളിലെ ദുരിതം മറന്ന് ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാരംഭിച്ച സീസണിൽ ബോട്ടുകൾ കടലിലിറങ്ങിയത്. ആദ്യ ദിവസങ്ങളിലെ ഭേദപ്പെട്ട വരുമാനത്തിനുശേഷം പിന്നീട് വല നിറയെ നഷ്ടങ്ങളുമായാണ് ബോട്ടുകൾ കരക്കടുത്തത്.

വലിയ ബോട്ടുകളെയാണ് മത്സ്യ ലഭ്യതക്കുറവ് വല്ലാതെ വലച്ചത്. ചെലവിനേക്കാൾ കുറഞ്ഞ വരുമാനവുമായി മടങ്ങിയ ബോട്ടുകൾ തൊഴിലാളികൾക്കും ബാധ്യതയായി. ബാറ്റക്കാശിൽ വരുമാനം ഒതുങ്ങിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉടമകളോട് പോലും പറയാതെ സ്ഥലം വിട്ടു.

സീസൺ അവസാനിക്കുമ്പോൾ 10 മുതൽ 15 ശതമാനം ബോട്ടുകൾക്ക് മാത്രമാണ് എന്തെങ്കിലും ലാഭം ഉണ്ടായിട്ടുള്ളൂവെന്നും മറ്റുള്ളവർ അഞ്ച് മുതൽ പതിമൂന്ന് ലക്ഷം വരെ കടത്തിലാണെന്നും ഫിഷിങ്ങ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ ജനറൽ കൺവീനർ കെ.ബി. കാസിം ചൂണ്ടിക്കാട്ടുന്നു. വാർഷികഅറ്റകുറ്റപ്പണിക്കുള്ള തുക വേറെ കണ്ടെത്തണം. പത്തു മാസത്തെ സീസണിൽ 40തവണ കടലിൽ പോകേണ്ട ബോട്ടുകളിൽ നല്ലൊരു ശതമാനവും 20 തവണ മാത്രമാണ് പോയത്. കാലാവസ്ഥാ മുന്നറിയിപ്പുമൂലമുള്ള വിലക്കുകളും മത്സ്യലഭ്യതക്കുറവുമായിരുന്നു കാരണം. ചെറുവള്ളങ്ങളെ ബാധിക്കുന്ന കാറ്റിന്‍റെയും കടൽക്ഷോഭത്തിന്‍റെയും പേരിൽ വലിയ ബോട്ടുകളെ വിലക്കരുതെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.

സമീപ സംസ്ഥാനങ്ങളിൽ ബോട്ടുകളുടെ ലൈസൻസ് പുതുക്കാൻ മൂവായിരത്തിൽ താഴെയാണ് വാർഷിക ഫീസ്. കേരളത്തിലത് 26,500 രൂപയാണ്. ഇതിന് പുറമേ ക്ഷേമനിധിയിലേക്ക് 24,000വും നൽകണം. നഷ്ടം പെരുകുന്നതിനാൽ ഈ രംഗം വിടാനുള്ള ആലോചനയിലാണ് വലിയൊരു വിഭാഗം ബോട്ട് ഉടമകൾ. എന്നാൽ, ബോട്ട് എടുക്കാൻ നാട്ടിലാളില്ല. സമീപ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാകട്ടെ ഉടമകൾ ആവശ്യപ്പെടുന്നതിന്‍റെ പകുതി വിലയാണ് പറയുന്നത്. 3800 ഓളം ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇതിൽ 280 എണ്ണം കഴിഞ്ഞ സീസണിൽ പൊളിച്ചു വിറ്റു. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്ത സീസണോടെ കേരളത്തിലെ ബോട്ട് വ്യവസായം തകരുമെന്ന് കെ.ബി. കാസിം പറഞ്ഞു.

Tags:    
News Summary - Prohibition of trolling is unscientific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.