കിഴക്കമ്പലം: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് 40 ലക്ഷം രൂപ മുടക്കി നിർമിച്ച ശ്മശാനം കാടുകയറി നശിക്കുന്നു. ഇതുവരെ പത്തിൽ താഴെ മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കരിച്ചിട്ടുള്ളത്. ഇതോടെ കെട്ടിടവും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമായി മാറി. ശ്മശാനത്തിലേക്ക് കടക്കാൻ സാധിക്കാത്ത നിലയിൽ റോഡ് കാടുകയറി വൈദ്യുതിപോലും ഇല്ലാത്ത നിലയിലാണ്. കുന്നത്തുനാട് കിഴക്കമ്പലം, വടവുകോട് -പുത്തൻകുരിശ്, മഴുവന്നൂർ പഞ്ചായത്തുകളുടെ കീഴിൽ പൊതുശ്മശാനം ഇല്ല. മരണാനന്തര ആവശ്യങ്ങൾക്കായി നിലവിൽ തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
ബ്രഹ്മപുരം സെപ്റ്റേജ് പ്ലാന്റിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ശ്മശാനത്തിലേക്ക് പ്രധാന റോഡിൽനിന്ന് 200 മീറ്റർ ഉണ്ട്. ഒരു വാഹനത്തിന് മാത്രം പോകാന്‍ സാധിക്കുന്ന വഴി ഇപ്പോൾ വൈദ്യുതി പോസ്റ്റും മരങ്ങളും വീണ് അടഞ്ഞ നിലയിലാണ്. വൈദ്യുതി ലൈനുകൾ റോഡിൽവീണ നിലയിലായിട്ടും അറ്റകുറ്റപ്പണി പോലും നടത്താൻ പഞ്ചായത്ത് തയാറായിട്ടില്ല. കൂടാതെ ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയത്തിലെ മതിലും ഇടിഞ്ഞുറോഡിലേക്ക് വീണിട്ടുണ്ട്. പുതിയ ജനറേറ്ററും മറ്റു സംവിധാനങ്ങളും കാടുകയറി തുരുമ്പെടുത്തിട്ടുണ്ട്. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.