മട്ടാഞ്ചേരി: റേഷൻ കാർഡ് തരം മാറ്റി നൽകാൻ അപേക്ഷ നൽകി ഒരു വർഷം ഓഫിസ് കയറി മടുത്ത് സിറ്റി റേഷനിങ് ഓഫിസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നാല് മാസം പിന്നിട്ടിട്ടും ഉടമയെ വിവരം അറിയിക്കാത്ത റേഷനിങ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം.
2020 ജൂലായ് 27നാണ് എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ ആക്കാൻ കൊച്ചങ്ങാടി ലബ്ബാ പറമ്പിൽ താമസിക്കുന്ന ഷംലത്ത് സിറ്റി റേഷനിങ് ഓഫിസിൽ അപേക്ഷ നൽകിയത്. സ്വന്തമായി കിടപ്പാടം ഇല്ലാത്ത, വീട്ടുവേല ചെയ്ത് ജീവിക്കുന്ന ഷംലത്ത് നിരന്തരം ഓഫിസ് കയറി മടുത്തതോടെ കൊച്ചി സിറ്റി റേഷനിങ് ഓഫിസിന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ അധികൃതർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബർ 14ന് മുൻഗണന(ബി.പി.എൽ) വിഭാഗത്തിലേക്ക് കാർഡ് മാറ്റി. എന്നാൽ, ഈ വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല.
അറിയിക്കാൻ കൊച്ചി സിറ്റി റേഷനിങ് അധികൃതർ തയാറായതുമില്ലയെന്നാണ് ആക്ഷേപം. വീട്ടമ്മ തന്റെ ഒമ്പത് വയസ്സുകാരൻ മകൻ അക്ബറിനോടൊപ്പമെത്തിയാണ് അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഇവർക്ക് എ.പി.എൽ കാർഡാണ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബർ മധ്യത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ബി.പി.എല്ലിലേക്ക് തരം മാറ്റിയ കാർഡ് ഉടമകൾക്ക് പൊതുപരിപാടിയായി കാർഡ് നൽകിയെങ്കിലും ഇവർക്ക് കൊടുക്കാൻ തയാറായില്ല.
അതേസമയം, റേഷൻ കാർഡ് തരം മാറ്റിയത് അവരെ അറിയിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസറുടേത്. പുതിയ കാർഡ് അക്ഷയയിൽ പോയാൽ പ്രിന്റ് എടുത്ത് നൽകുമെന്നതിനാൽ റേഷനിങ് ഓഫിസിൽനിന്ന് നൽകാറില്ലെന്നും കടയിൽ റേഷൻ വാങ്ങാൻ പോയാൽ സ്വാഭാവികമായും ബി.പി.എല്ലിലേക്ക് മാറിയത് അറിയാൻ കഴിയുമെന്നും ഇവർ മാസങ്ങളായി റേഷൻ വാങ്ങിയിട്ടില്ലെന്നുമാണ് സിറ്റി റേഷനിങ് ഓഫിസറുടെ വിശദീകരണം.
മാസങ്ങൾ തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ അനുവദിച്ച കാർഡ് റദ്ദാക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഷംലത്ത് റേഷൻ വാങ്ങാതിരുന്നത് എ.പി.എൽ വിഭാഗത്തിൽ ആയതിനാലാണെന്നിരിക്കെ ബി.പി.എൽ ആയ കാര്യം അവരെ അറിയിക്കാതിരുന്നത് ശരിയായ നിലപാടല്ലെന്ന് പൊതുപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.