കൊച്ചി: റേ പദ്ധതിയിൽ ഉൾപ്പെടുത്തി തുരുത്തി കോളനിയിൽ പണിയുന്ന ഫ്ലാറ്റ് സമുച്ചയം പൂർത്തിയാകുംമുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനൽകിയ കോർപറേഷൻ തീരുമാനത്തിൽ സർക്കാർ നടപടി. സെക്യൂരിറ്റി ഡെപ്പോസിറ്റായ 91.22 ലക്ഷം രൂപയുടെ ബാധ്യത മേയർ, സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന അഡീഷനൽ സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനീയർ എന്നിവരുടേതാണെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി.
12 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം പണിയാൻ സിറ്റ്കോ അസോസിയേറ്റ്സിനാണ് കരാർ നൽകിയിരുന്നത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും പണി തീരാതെവരുകയും ഇതിനിടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കി നൽകുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം കൗൺസിലിൽ പ്രതിഷേധിക്കുകയും തദ്ദേശസ്വയംഭരണ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.
തുക മടക്കിനൽകിയതിൽ പ്രകടമായ ചട്ടലംഘനം ഉണ്ടാെയന്നാണ് വിലയിരുത്തൽ. കരാറുകാരെൻറ സാമ്പത്തികപ്രയാസം കാരണമാണ് അഡ്വാൻസ് തുക നൽകിയതെന്നാണ് കോർപറഷേൻ വാദം. തുക നൽകാൻ ശിപാർശ ചെയ്ത സൂപ്രണ്ടിങ് എൻജിനീയർ, സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന അഡീഷനൽ സെക്രട്ടറി, തുക നൽകാൻ ഉത്തരവ് നൽകിയ മേയർ, സ്ഥിരം സമിതി അംഗങ്ങൾ എന്നിവർ ഉത്തരവാദികളാണെന്നാണ് കണ്ടെത്തൽ. തുക തിരിച്ചടക്കാൻ കരാറുകാരനോട് ആവശ്യപ്പെടണമെന്നും അതുവരെ മേയർ, സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന അഡീഷനൽ സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനീയർ എന്നിവരുടെ ബാധ്യതയാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
അതേസമയം ഇത് രാഷ്ട്രീയപ്രേരിതമെന്നാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.