കൊച്ചി: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളിൽ കെണിയൊരുക്കി പട്ടികവർഗ വിദ്യാർഥികളെ പുറന്തള്ളുന്നുവെന്ന് ആദിവാസി സംഘടനകളുടെ ആരോപണം. ഒന്നാം വർഷ ഡിഗ്രി കോഴ്സിലെ വിദ്യാർഥി പ്രവേശനത്തിെൻറ അവസാനഘട്ടത്തിൽ പല കോളജുകളിലെയും ലിസ്റ്റിൽനിന്ന് ആദിവാസി വിദ്യാർഥികളെ ബോധപൂർവം ഒഴിവാക്കിയെന്നാണ് പരാതി.
കോളജുകൾ അവസാനകാല കണക്ക് സൈറ്റിൽ പ്രസിദ്ധീകരിക്കാതെയാണ് തട്ടിപ്പ് നടത്തുന്നത്. സീറ്റ് ഒഴിവുണ്ടോയെന്ന ആദിവാസി വിദ്യാർഥികളുടെ അന്വേഷണത്തിന് കോളജ് അധികൃതർ വ്യക്തമായ മറുപടി നൽകില്ല. ഓരോ കോഴ്സിലും എസ്.സി-എസ്.ടി വിഭാഗത്തിൽനിന്ന് എത്ര വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നോ അവശേഷിക്കുന്ന ഒഴിവുകൾ എത്രയാണെന്നോ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നില്ല. സംസ്ഥാനത്തെ ഓട്ടോണസ് കോളജുകളിൽ പകുതിയിലധികവും ഈ പതിവ് തുടരുകയാണ്.
കൊച്ചിയിലെ ഓട്ടോണമസ് കോളജുകളിൽനിന്ന് ആദിവാസി വിദ്യാർഥികൾ ഇതേ ദുരന്തം നേരിടുകയാണ്. വയനാട്, ഇടുക്കി മേഖലയിലെ വനത്തിനുള്ളിലെ ഊരുകളിൽനിന്ന് വിദ്യാർഥികൾ കൊച്ചിയിലെത്തി പഠനം നടത്താൻ ആഗ്രഹിക്കുന്നു. അവർ ഓൺലൈൻവഴി അപേക്ഷ നൽകുന്നു. എന്നാൽ, നഗരത്തിലെ കോളജുകളിൽ പ്രവേശനത്തിെൻറ അവസാനകാലത്ത് ഇവർക്ക് വിവരങ്ങൾ ലഭിക്കുന്നില്ല.
ഒന്നും രണ്ടും അലോട്ട്മെൻറ് കഴിഞ്ഞാൽ ആദിവാസി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രവേശനം അവസാനിച്ച അവസ്ഥയാണ്. അവസാന പ്രവേശനം നടത്തുന്നതിെൻറ തലേ ദിവസം ഏതെങ്കിലും പത്രത്തിലെ പ്രദേശിക പേജിൽ സീറ്റ് ഒഴിവുണ്ടെന്നറിയിക്കും. ഇതിലൂടെ ആദിവാസി വിദ്യാർഥികളേറെയുള്ള ജില്ലകളിലെ കുട്ടികൾ ഒഴിവ് അറിയാൻ കഴിയില്ല.
അറിഞ്ഞാലും സമയത്തിനുള്ളിൽ അവർക്ക് യാത്രചെയ്ത് എത്തിച്ചേരാനാവില്ല. അവസാന നിമിഷം ഈ സീറ്റ് മാനേജ്മെൻറ് ക്വാട്ടയിലേക്ക് മാറ്റുന്നു. ആദിവാസി ഊരുകളിൽനിന്ന് പഠനത്തിന് എത്തേണ്ട നൂറുകണക്കിന് വിദ്യാർഥികളുടെ അവസരമാണ് മാനേജ്മെൻറുകൾ തട്ടിമാറ്റുന്നത്. പല ഓട്ടോണമസ് കോളജുകളിലും ഈ ക്രൂരവിനോദം അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽനിന്ന് കൊച്ചിയിലെത്തിയ രണ്ട് വിദ്യാർഥികൾ കോളജ് അധികൃതരോട് വിവരം അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പ്രവേശനത്തിൽ സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ ചുമതല നിവഹിക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.