കൊച്ചി: നഗരത്തിലെ പി ആൻഡ് ടി കോളനിക്കാരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടത്തിന്റെ നിർമാണം ജൂലൈ 27 നകം പൂർത്തിയായില്ലെങ്കിൽ കരാർ കമ്പനി പ്രസിഡന്റും സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. നിർമാണം പൂർത്തിയാക്കുന്ന കാര്യത്തിൽ നൽകിയ ഉറപ്പുകൾ പലതവണ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കരാർ കമ്പനിയായ തൃശൂർ ജില്ല ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നറിയിപ്പ് നൽകിയത്.
കലക്ടറോ അദ്ദേഹം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ സ്ഥലം സന്ദർശിച്ച് കരാർ കമ്പനിയുടെ ജോലികൾ വിലയിരുത്തി തീരുമാനമെടുക്കണം. ജി.സി.ഡി.എ ഇതിനാവശ്യമായ സൗകര്യമൊരുക്കണം. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം കലക്ടർ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ആദ്യ ബ്ലോക്കിന്റെ നിർമാണം ജൂൺ പത്തിനും രണ്ടാമത്തെ ബ്ലോക്കിന്റെ നിർമാണം തുടർന്നുള്ള പത്ത് ദിവസത്തിനകവും പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി ജൂൺ അഞ്ചിന് കോടതിയെ അറിയിച്ചത്. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടു പോയി. മാത്രമല്ല, ആദ്യ ബ്ലോക്ക് നിർമാണം പോലും അടുത്ത കാലത്തൊന്നും പൂർത്തിയാവില്ലെന്ന് ജി.സി.ഡി.എയുടെ അഭിഭാഷക അറിയിച്ചു. പി ആൻഡ് ടി കോളനി നിവാസികൾ ഇത്തവണയും വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് കോടതി വിലയിരുത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ വെള്ളക്കെട്ടും മുല്ലേശ്ശരി കനാലിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും കലക്ടർ അധ്യക്ഷനായ സമിതി സന്ദർശിക്കണമെന്ന് കോടതി നിർദേശിച്ചു.
വെള്ളക്കെട്ട് സംബന്ധിച്ച നടപടികൾ സമിതി ശിപാർശ ചെയ്യണം. സമിതിയെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനെ കെ.എസ്.ആർ.ടി.സി നിയോഗിക്കണം. താഴ്ന്ന പ്രദേശമായതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് തൊട്ടടുത്ത വിവേകാനന്ദ കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഡിപ്പോയിൽനിന്ന് വെള്ളം ഒഴുകി പോകാൻ കനാലിലേക്ക് സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം സ്റ്റാൻഡിലേക്കാണ് കയറുന്നതെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. അതേസമയം, പൈപ്പുകൾ മാറ്റുന്ന ജോലി പുരോഗമിക്കുകയാണെന്നും വൈകാതെ പൂർത്തിയാക്കുമെന്നും വാട്ടർ അതോറിറ്റി അഭിഭാഷകൻ അറിയിച്ചു.
ഇപ്പോൾ നടക്കുന്ന പൈപ്പ് മാറ്റിയിടലിന് നേരത്തേ ചെയ്ത പണികളും പരിശോധിച്ച് റിപ്പോർട്ട് നൽകണം. റെയിൽവേ കലുങ്കുകൾക്കടിയിലെ ചളി നീക്കം ചെയ്തത് വെള്ളക്കെട്ട് കുറയാൻ കാരണമായിട്ടുണ്ട്. കലുങ്കുകളുടെ പുനർനിർമാണം അനിവാര്യമാണ്. കനാലുകളുടെ ശുചീകരണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കെ.എം.ആർ.എൽ ജൂലൈ 27ന് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.