ഫോർട്ട്കൊച്ചി: തിങ്കളാഴ്ച മുതൽ രണ്ട് റോ റോ വെസലുകൾ സർവിസ് നടത്തുമെന്ന നഗരസഭ സെക്രട്ടറിയുടെ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് നിലവിൽ ഓടുന്ന റോ റോ വെസലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിപക്ഷ സമരം. തിങ്കളാഴ്ച രാവിലെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ എത്തിയവർ സർവിസ് തടസ്സപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഫോർട്ട്കൊച്ചി -ബോൾഗാട്ടി റോ റോ വെസൽ സർവിസ് ആരംഭിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, സർവിസ് ആരംഭിച്ചില്ല. ഇതേതുടർന്നായിരുന്നു സമരം. പ്രതിഷേധക്കാർ ആദ്യം സർവിസ് തടസ്സപ്പെടുത്താതെ ഒരു വശത്ത് ഇരുന്ന് കൊണ്ടായിരുന്നു സമരം നടത്തിയത്.
ഈ സമയം ധാരാളം യാത്രക്കാരുമുണ്ടായിരുന്നു. യാത്ര തടസ്സപ്പെടുത്താതെയുള്ള സമരത്തിന് നാട്ടുകാരും യാത്രക്കാരും പിന്തുണ നൽകി. കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാർ റോ റോ സർവിസ് തടസ്സപ്പെടുത്തിയത്. വാഹനങ്ങൾ റോ റോയിലേക്ക് കയറുന്നത് തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ കാത്തുനിന്ന് മുഷിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധവുമായി സമരക്കാർക്കെതിരെ തിരിഞ്ഞു. ഇരുകരയിലും വാഹനങ്ങളുടെ നീണ്ടനിരയും രൂപപ്പെട്ടു.
മുന്നറിയിപ്പില്ലാതെ റോ റോ സർവിസ് തടസ്സപ്പെടുത്തിയുള്ള സമരം സമരമല്ല മറിച്ച് സമര ആഭാസമാണെന്ന് യാത്രക്കാർ പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ സർവിസ് തടസ്സപ്പെട്ടു. ഉച്ചയോടെ സമരക്കാർ പിരിഞ്ഞുപോകുകയും സർവിസ് പുനരാരംഭിക്കുകയുമായിരുന്നു.
രാവിലെ നടന്ന കുത്തിയിരിപ്പ് സമരം കൗൺസിലർ ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.കെ. അഷറഫ്, കെ.എ. മനാഫ്, ഷൈല തദേവൂസ്, ഷീബ ഡ്യൂറോം, ജീജ ടെൻസൻ നേതാക്കളായ സോളി ജോസഫ്, പി.എസ് സമദ്, ആർ.ബഷീർ, മെയ്ജോ കെ. അഗസ്റ്റിൻ, പി.ഡി. വിൻസെന്‍റ്, ഷീജ സുധീർ, സുനിത ഷമീർ, സബീന നൗഫൽ, മിനി ഫ്രെഡി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.