കാക്കനാട്: ഏഴുവർഷമായി ചളി നിറഞ്ഞ് കാടുകയറിയ പൊതുകിണർ വൃത്തിയാക്കാൻ വിസമ്മതിച്ച് നഗരസഭ. കാക്കനാടിന് സമീപം തുതിയൂരിലാണ് നിരവധിപേർ മലിനജലം കുടിക്കാൻ നിർബന്ധിതരായ അവസ്ഥയിൽ ദുരിതത്തിലായത്.
തൃക്കാക്കര നഗരസഭയിലെ 18ാം വാർഡിൽ ഉൾപ്പെടുന്ന തുതിയൂർ പരുത്തേച്ചിറ കുളക്കാട് ഭാഗത്തെ പത്തോളം വീട്ടുകാരുടെ ഏക കുടിവെള്ള സ്രോതസ്സാണിത്. നാലുപതിറ്റാണ്ട് മുമ്പ് തൃക്കാക്കര പഞ്ചായത്തായിരുന്ന കാലത്ത് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് കിണർ നിർമിച്ചത്.
എന്നാൽ, കഴിഞ്ഞ ഏഴുവർഷമായി അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ കാടുകയറി. അതിനിടെ മാസങ്ങൾക്കുമുമ്പ് രണ്ടുതവണ തവള ചത്തുചീഞ്ഞ് കിടന്നിരുന്നു.
തുടർന്ന് നഗരസഭയെ സമീപിച്ചെങ്കിലും ഫണ്ടില്ല, കിണർ വൃത്തിയാക്കാൻ ആളെ കിട്ടാനില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ പൊതുടാപ്പ് ഉണ്ടായിരുന്നെങ്കിലും വാഹനം ഇടിച്ചുതകർന്നതിനെ തുടർന്ന് നന്നാക്കാതെ കണക്ഷൻ ഒഴിവാക്കുകയാണ് നഗരസഭ ചെയ്തത്. ഇതുകൂടി ആയതോടെ പൂർണമായും മലിനജലം കുടിക്കേണ്ട സാഹചര്യമാണ് നിലവിൽ.
കിണർ വറ്റിച്ച് വൃത്തിയാക്കി കാടുവെട്ടിത്തളിച്ച് ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.