കാക്കനാട്: വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യം പതഞ്ഞുപൊങ്ങി. കാക്കനാടിന് സമീപം തുതിയൂർ കാളച്ചാൽ തോട്ടിലാണ് രാസമാലിന്യം പതഞ്ഞുപൊങ്ങിയത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് തുറന്നുവിട്ട മലിനജലമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തൃക്കാക്കര നഗരസഭയിലെ 19, 20, 21, 22, 24 വാർഡുകളിലൂടെ ഒഴുകുന്ന തോടാണ് കാളച്ചാൽ തോട്. കാക്കനാടുനിന്ന് ഇടപ്പള്ളി തോട്ടിലേക്ക് നീളുന്നതാണിത്. പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് വെള്ളം ഒഴുക്കിക്കളയാനുള്ള ഒരുഡ്രെയിനേജ് സംവിധാനം ഒരുക്കിയത് ഈ തോട്ടിലേക്കാണ്. ഇവിടെയാണ് വ്യാഴാഴ്ച രാവിലെ വെള്ളം പതഞ്ഞുപൊങ്ങിയത്.
പ്രദേശവാസികളാണ് തോട്ടിൽ വലിയതോതിൽ പത ഉയരുന്നതായി കണ്ടെത്തിയത്. ഇവിടെ തോട്ടിലെ പച്ചപ്പായൽപോലും കരിഞ്ഞ സ്ഥിതിയിലാണ്. രൂക്ഷ ദുർഗന്ധമായിരുന്നു ഇവിടെ ഉണ്ടായത്. കൗൺസിലർമാരായ എം.കെ. ചന്ദ്രബാബു, രാധാമണി പിള്ള എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി. മലിനീകരണത്തിനെതിരെ നടപടി വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
കായലിൽനിന്ന് ഇടപ്പള്ളി തോട് വഴി കിണറുകളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ഇവിടെ ബണ്ട് കെട്ടിയിട്ടുണ്ട്. ഇതിനുമുകളിലൂടെ വെള്ളം ഒഴുകിയതിനെത്തുടർന്നാണ് മാലിന്യം പതഞ്ഞുപൊങ്ങിയതെന്ന് നാട്ടുകാർ വ്യക്തമാക്കി. സമീപത്തെ ഫ്ലാറ്റുകളിൽനിന്നും വില്ലകളിൽനിന്നുമുള്ള മാലിന്യവും തോട്ടിലേക്കാണ് ഒഴുക്കുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.