സിൽവർ ലൈനിന് മുന്നിൽ നോക്കുകുത്തിയായി വല്ലാർപാടം റെയിൽ പാത

കൊച്ചി: സിൽവർ ലൈൻ വഴി ചരക്കുഗതാഗതം സുഗമമാക്കുമെന്ന അവകാശവാദങ്ങൾക്ക് മുന്നിൽ നോക്കുകുത്തിയായി രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽവേ പാലം. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിലേക്ക് ചരക്കുഗതാഗതത്തിന് മാത്രമായി പണിത 4.62 കിലോമീറ്റർ റെയിൽവേ പാലത്തിലൂടെ ഓടുന്നത് ശരാശരി ആഴ്ചയിൽ ഒരു ചരക്കുട്രെയിൻ മാത്രം. ദിനംപ്രതി 12 ചരക്കുട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴിയുംവിധം പണിത ഇടപ്പള്ളി-വല്ലാർപാടം റെയിൽപാളവും ടെർമിനലും കൂപ്പുകുത്തിയത് കോടികളുടെ നഷ്ടത്തിലേക്കാണ്.

2010 മാർച്ച് 31നാണ് ഇടപ്പള്ളി-വല്ലാർപാടം റെയിൽവേ ലൈനിലൂടെ പരീക്ഷണ ട്രെയിൻ ഓടിയത്. ഇടപ്പള്ളി മുതൽ വല്ലാർപാടം വരെ 8.86 കിലോമീറ്റർ റെയിൽവേ ലൈൻ വടുതല വരെ മൂന്നുകിലോമീറ്റർ നിലവിലെ ട്രാക്കിന് സമാന്തരമായാണ് പോകുന്നത്. പിന്നീട് വേമ്പനാട്ട് കായലിന് മുകളിലൂടെ ഇടയക്കര, മുളവുകാട് തുടങ്ങിയ ദ്വീപുകൾക്ക് കുറുകെയും ട്രാക്ക് പോകുന്നു. 4.62 കിലോമീറ്റർ വരുന്ന പാലം ഉൾപ്പെടെ റെയിൽവേ ട്രാക്കിനായി 350 കോടി രൂപയാണ് നിർമാണ ചെലവ്.

കോയമ്പത്തൂർ, മുംബൈ, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് റെയിൽ വഴി കണ്ടെയ്നർ നീക്കം സുഗമമാകുമെന്ന പഠനങ്ങൾ അടിസ്ഥാനമാക്കി നിർമിച്ച ഇടപ്പള്ളി-വല്ലാർപാടം ട്രാക്ക് വർഷങ്ങളോളം ഉപയോഗമില്ലാതെ കിടന്നു. 2019-20 വർഷത്തിൽ ആകെ എട്ടു ട്രെയിനുകളാണ് ഇതുവഴി ഓടിയത്. കോവിഡ് ലോക്ഡൗണിൽ സംസ്ഥാന അതിർത്തികൾ അടച്ചപ്പോൾ ചരക്കുനീക്കം ട്രെയിൻ വഴിയാക്കിയത് പാതക്ക് അൽപം ചലനമേകി. 2020 ഏപ്രിൽ, ജൂൺ മാസങ്ങളിൽ 25 ട്രെയിനുകൾ ട്രാക്കിലൂടെ എത്തി. സിവിൽ സപ്ലൈസ് കോർപറേഷൻ ധാന്യങ്ങളും ഭക്ഷ്യ എണ്ണയും എത്തിക്കാനും ഈ മാർഗം ഉപയോഗിച്ചു. പിന്നീട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടപ്പോൾ 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിനും ഓടി.

ഒരു പതിറ്റാണ്ട് കാലം ചലനമറ്റ് കിടന്ന പാതക്ക് അൽപമെങ്കിലും തുണയായത് കണ്ടെയ്നർ കോർപറേഷന്‍റെ വല്ലാർപാടം -ബംഗളൂരു സർവിസാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവർത്തിച്ചുതുടങ്ങുന്നതോടെ വല്ലാർപാടം റെയിൽവേ ട്രാക്ക് വഴി ആഴ്ചയിൽ ഒന്നെന്ന തോതിൽ നിലവിലുള്ള ട്രെയിൻ സർവിസും ഇല്ലാതാകുമെന്ന ആശങ്കയിലാണ് റെയിൽവേ അധികൃതർ.

Tags:    
News Summary - Stared at the front of the silver line Vallarpadam Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.