കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ കാക്കനാട് ഇടച്ചിറയിൽ തെരുവ് നായുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. 60 വയസ്സുകാരിയുടെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. ശനിയാഴ്ച രാവിലെ പത്ത് മുതൽ തുടങ്ങിയ തെരുവു നായ് വിളയാട്ടം 12.30 വരെ നീണ്ടുനിന്നു. ഇടച്ചിറ തലക്കോട്ട്മൂല പള്ളിക്ക് സമീപം പുതുമന പറമ്പിൽ സുബൈദ (60), ഇടച്ചിറക്കൽ വീട്ടിൽ നസീറ (34), ഇടച്ചിറക്കൽ വീട്ടിൽ അസീസ് (56), പാലക്കാട് സ്വദേശി ഗിരീഷ് (32), പാർളിമൂലയിൽ ചരൺ (27) എന്നിവർക്കാണ് കടിയേറ്റത്. രാവിലെ 10ന് പാലക്കാട് സ്വദേശിയായ ഡ്രൈവർ ഗിരീഷിനെയാണ് തെരുവുനായ് ആദ്യം ആക്രമിച്ചത്. ഗിരീഷിന്റെ കാലിലാണ് കടിയേറ്റത്.
തുടർന്ന് രാവിലെ 11.30ന് വീടിനോട് ചേർന്ന് അടുക്കള ഭാഗത്ത് ജോലി ചെയ്യുകയായിരുന്ന സുബൈദക്ക് നേരെ നായ് ചാടി വീഴുകയായിരുന്നു. നിലത്ത് വീണ സുബൈദയുടെ ഇടതു കൈയിലെ ചെറുവിരൽ പകുതി കടിച്ചെടുത്തു. പിന്നീട് ഉച്ചക്ക് 12ന് വീടിന്റെ മുന്നിലെ പച്ചക്കറി തോട്ടത്തിൽ നസീറയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. മുതുകിലും കൈക്കുമാണ് കടിയേറ്റത്. ഉച്ചക്ക് വീട്ടിലേക്ക് ബൈക്കിലെത്തിയ അസീസിനെ തെരുവുനായ വീട്ടു മുറ്റത്ത് വച്ച് കടിക്കുകയായിരുന്നു. നസീറിനും കാലിനാണ് കടിയേറ്റത്. ചരണിന് കഴുത്തിനാണ് കടിയേറ്റത്. പരിക്കേറ്റവരെല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സതേടി. ഇടച്ചിറ ഇൻഫോ പാർക്ക് ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. മൂന്നുപേരെയും കടിച്ചത് ഒരേ നായയാണ്. അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ഡിവിഷൻ കൗൺസിലർ അബ്ദു ഷാന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.