കാക്കനാട്: തൃക്കാക്കരയിൽ പിടികൂടി കൊന്ന് കുഴിച്ചുമൂടിയത് നൂറുകണക്കിന് തെരുവുനായ്ക്കളെ. കഴിഞ്ഞ ദിവസം നായെ കുടുക്കിട്ട് പിടിച്ച് വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണത്തിനിടയാണ് ഇക്കാര്യം വ്യക്തമായത്. നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ കുഴിയിൽനിന്ന് അമ്പതോളം നായ്ക്കളുടെ ജഡങ്ങളാണ് പുറത്തെടുത്തത്. ഇവയെ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിച്ചു. കഴിഞ്ഞ ദിവസം കൊന്ന് കുഴിച്ചുമൂടിയ നായെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇത്രയും ജഡങ്ങൾ കണ്ടെത്തിയത്. വിഷം കുത്തിവെച്ച് കൊന്നതാണെന്ന നിഗമനത്തിൽ നായുടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് മൃഗസ്നേഹികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ ഹൈകോടതി ഇടപെടൽകൂടി ഉണ്ടായതോടെയാണ് ഉടൻ തന്നെ ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
നൂറുകണക്കിന് നായ്ക്കളുടെ ജഡം മണ്ണിനടിയിലുണ്ടാകുമെന്നും അഴുകി വേർപ്പെട്ട നിലയിലായിരുന്നതിനാൽ എല്ലാം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും ജില്ല പഞ്ചായത്തിെൻറ കീഴിലുള്ള മൃഗസംരക്ഷണ സംഘടനയായ എസ്.പി.സി.എ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.
ഫോറൻസിക് പരിശോധനക്ക് അയക്കാൻ ആന്തരിക അവയങ്ങളുടെ സാമ്പിളുകൾ ഇൻഫോപാർക്ക് പൊലീസ് സ്േറ്റഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ടി.കെ. സജീവിെൻറ നേതൃത്വത്തിൽ എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ വിഷ്ണു വിജയ്, എസ്.പി.സി.എ ഇന്സ്പെക്റ്റിങ് അസിസ്റ്റൻറ് കെ.ബി. ഇക്ബാല്‍ എന്നിവരാണ് ജഡങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. വ്യാഴാഴ്ച രാവിലെയാണ് തൃക്കാക്കര നഗരസഭയിലെ ഈച്ചമുക്കിന് സമീപം നാലംഗ സംഘം തെരുവുനായെ വിഷം കുത്തിവെച്ച് കൊന്നത്. നഗരസഭക്ക് വേണ്ടിയാണ് തങ്ങൾ നായെ പിടികൂടിയതെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ സംഭവത്തിൽ നഗരസഭക്ക് പങ്കില്ലെന്നും പ്രതിപക്ഷ പ്രേരിതമാണെന്നും ഈ ക്രൂരതക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.