കാക്കനാട്: ലൈസൻസും ഹെൽമറ്റും രജിസ്ട്രേഷനും ആവശ്യമില്ലാത്ത കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് വാഹനം എന്ന രീതിയിൽ വിൽപനക്ക് എത്തിച്ച സ്കൂട്ടർ പിടികൂടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കമ്പനി അവകാശപ്പെടുന്ന ശേഷിയുടെ ഇരട്ടിയോളം പവർ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതോടെ വാഹനത്തിന്റെ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം കാക്കനാടായിരുന്നു സംഭവം. കാക്കനാട്ടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് നിന്നായിരുന്നു വാഹനം പിടികൂടിയത്. ടെസ്റ്റിനെത്തിയവർക്ക് കാണിക്കാൻ കൊണ്ടുവന്നതായിരുന്നു സാത്തി എന്ന കമ്പനിയുടെ 86,000 രൂപ വിലയുള്ള സ്കൂട്ടർ. മണിക്കൂറിൽ 25 കിലോമീറ്റർ മാത്രം വേഗം കൈവരിക്കാൻ കഴിയുന്നതും 250 കിലോവാട്ടിൽ കുറവ് ശേഷിയുമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ഇത്തരത്തിൽ ഉള്ളതാണ് സ്കൂട്ടർ എന്നായിരുന്നു കമ്പനി അധികൃതർ വാദിച്ചത്. എന്നാൽ, വാഹനം ഇതിലും കൂടുതൽ വേഗം കൈവരിക്കുന്നതായി സംശയം തോന്നിയ അധികൃതർ പരിശോധിച്ചപ്പോൾ 47 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്നതായി കണ്ടെത്തി. ഇതോടെ വാഹനം പിടിച്ചെടുത്ത അധികൃതർ തുടർനടപടികൾക്കായി എറണാകുളം ആർ.ടി. ഓഫിസിലേക്ക് കൊണ്ടു വന്നു.
വാഹനത്തിന്റെ ആറു ശതമാനം തുകയായ 5040 രൂപ പിഴ അടക്കാൻ നിർദേശിച്ചു. ഇത്തരത്തിലുള്ള മറ്റ് സ്കൂട്ടറുകളെയും പിടികൂടി നികുതി അടപ്പിച്ച് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. കമ്പനി അധികൃതരോട് ഹാജരാകാനും നിർദേശിച്ചു. കുറഞ്ഞ ശേഷിയെന്ന് അവകാശപ്പെടുന്നതിനാൽ ഇൻഷുറൻസ്, ലൈസൻസ്, ഹെൽമറ്റ് ഉൾപ്പപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഒരു നിയമങ്ങളും ഇത്തരം വാഹനങ്ങൾക്ക് ബാധകമല്ല. പ്രായപൂർത്തി ആകാത്തവർക്ക് പോലും ഓടിക്കാൻ അനുമതിയുണ്ട്. എന്നാൽ, ഇവ മൂലം അപകടമുണ്ടായാൽ നഷ്ടപരിഹാരം ഉൾപ്പെടെ ലഭിക്കില്ല. ഈ സാഹചര്യത്തിൽ തട്ടിപ്പ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.