മരട്: നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു നെട്ടൂര്‍-കോന്തുരുത്തി കായലില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് അഷ്‌ന (22), ആദില്‍ (19), എബിന്‍ പോള്‍ (20) എന്നിവര്‍ മരിച്ചത്.
കലാലയങ്ങളിലും നാട്ടിലും നിറസാന്നിധ്യമായിരുന്ന വിദ്യാര്‍ഥികളുടെ വേര്‍പാട് നാടിനെയാകെ ദുഖത്തിലാഴ്ത്തി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രിയ കൂട്ടുകാരെ അവസാനമായി ഒരു നോക്കു കാണാന്‍ സഹപാഠികളും നാട്ടുകാരും അഷ്‌നയുടെയും, ആദിലിന്റെയും നെട്ടൂര്‍ മൗലാനാ റോഡിലെ വസതിയിലെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉമ്മയ്ക്കും വാപ്പയ്ക്കും ഒരു നോക്കു കാണുന്നതിനായി മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു. പിതാവ് നവാസിന്റെയും മാതാവ് ഷാമിലയുടെയും കരച്ചിലുകള്‍ കണ്ടുനിന്നവരെയും സങ്കടക്കടലിലാഴ്ത്തി.
വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കും അന്ത്യകര്‍മങ്ങള്‍ക്കും ശേഷം നെട്ടൂര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. നൂറുകണക്കിനാളുകളാണ് വിദ്യാര്‍ഥികള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. എം.എല്‍.എമാരായ ടി.ജെ.വിനോദ്, കെ.ബാബു, നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. പള്ളിയില്‍ തിരക്ക് കുറക്കുന്നതിനായി 5 മണിയോടെ ഓഡിറ്റോറിയത്തില്‍ വെച്ചു തന്നെ മയ്യിത്ത് നമസ്‌കാരവും നടത്തി. പിന്നീട് നെട്ടൂര്‍ മഹല്‍ മുസ്ലീം ജമാഅത്ത് പള്ളിയില്‍ 5.30 ഓടെ തൊട്ടടുത്തായി രണ്ടു പേരെയും ഖബറടക്കി. ബോട്ടില്‍ കൂടെയുണ്ടായിരുന്ന കോന്തുരുത്തി മണാലില്‍ എബിന്‍ (22) ന്റെ മൃതദേഹം കോന്തുരുത്തി സെന്റ്.ജൂഡ് പള്ളിയില്‍ വൈകീട്ടോടെ സംസ്‌കരിച്ചു. കോന്തുരുത്തി തേവര മണലില്‍ വീട്ടില്‍ പോള്‍ - ഹണി ദമ്പതികളുടെ മകനാണ്. സഹോദരന്‍: ആല്‍ബിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.