കൊച്ചി: കോവിഡ് കാലം മാറ്റിമറിച്ച വിപണി സാഹചര്യങ്ങളിൽനിന്ന് കരകയറാൻ ഓണക്കാലം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ വസ്ത്രവ്യാപാര ലോകം. ഇനിയും സജീവമാകാത്ത വിപണി പുത്തനുടുപ്പണിഞ്ഞ് തിരുവോണത്തെ വരവേൽക്കുന്ന ശരാശരി മലയാളിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ്.
പ്രളയം തകർത്ത കഴിഞ്ഞ രണ്ടുവർഷത്തെ വ്യാപാരം ഇത്തവണ വീണ്ടെടുക്കാമെന്ന് കരുതിയ കച്ചവടക്കാർക്ക് കോവിഡ് നൽകിയ തിരിച്ചടി ചെറുതല്ല. എങ്കിലും പുതിയ ട്രെൻഡുകൾ അവർ ഒരുക്കി കാത്തിരിക്കുന്നു. വസ്ത്ര വിപണിയിൽ പതിയെ പൊന്നോണ വെയിൽ തെളിഞ്ഞുതുടങ്ങിയെങ്കിലും മുൻകാലങ്ങളിലേതുപോലെ കുതിച്ചുചാട്ടമില്ല.
ഹോൾസെയിൽ വിപണി 70 ശതമാനത്തോളം തകർച്ചയിലാണ് കഴിഞ്ഞ മാസങ്ങളിൽ മുന്നോട്ടുപോയതെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാർച്ച് മുതൽ വ്യാപാര മേഖല ഒന്നാകെ നിശ്ചലാവസ്ഥയിലാണ്. എറണാകുളം മാർക്കറ്റിലെ നൂറുകണക്കിന് വസ്ത്രവ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇവരിൽ പലർക്കും തൊഴിൽ നഷ്ടമായ സ്ഥിതിയുമുണ്ട്. കടം വാങ്ങിയും ലോണെടുത്തും വ്യാപാര മേഖലയിൽ പണം നിക്ഷേപിച്ച പലരും കുടുങ്ങി. നഷ്ടം നികത്താൻ അവരുടെ മുന്നിലുള്ള പ്രധാന പ്രതീക്ഷയാണ് ഓണം. വ്യാപാര മേഖലക്കുണ്ടായ വൻ ഇടിവിന് കുറച്ചെങ്കിലും മാറ്റവുമെന്ന ചിന്തയിൽ ചെറുകിട വസ്ത്രവ്യാപാരികളും പ്രതീക്ഷ കൈവിടുന്നില്ല.
വരുംദിവസങ്ങളിൽ കച്ചവടത്തിൽ കുതിപ്പുണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം. വിലക്കിഴിവ് അടക്കമുള്ള വാഗ്ദാനങ്ങൾ അവർ പ്രഖ്യാപിച്ചു. അതേസമയം ഓണക്കാലത്തെ സ്പെഷൽ സ്റ്റാളുകൾ ഇക്കുറി വിരളമാണ്.
നാട്ടിൻപുറങ്ങളിലെ വ്യാപാര മാന്ദ്യം പ്രധാന ഹോൾസെയിൽ കേന്ദ്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് വ്യാപാരി സമിതി മുൻ ജില്ല പ്രസിഡൻറ് ജോയി ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് എല്ലാ തൊഴിൽ രംഗങ്ങളെയും പ്രതികൂലമായി ബാധിച്ചതോടെ സാധാരണ ജനങ്ങൾ വസ്ത്രങ്ങൾ വാങ്ങുന്നതിന് കുറവുവന്നു. ഇതോടെ ചെറുകിട കച്ചവടക്കാർ സ്റ്റോക്ക് എടുക്കുന്നതിെൻറ അളവ് കുറഞ്ഞു. നിലവിൽ ഹോൾസെയിൽ വ്യാപാര രംഗത്തെ ഇത്തവണത്തെ ഓണക്കച്ചവടം ഏകദേശം അവസാന ഘട്ടത്തിലെത്തി.
എറണാകുളം മാർക്കറ്റിൽ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.