2150 കോടി ചെലവിൽ കൊച്ചി മറൈൻഡ്രൈവിൽ വാണിജ്യ-ഭവന സമുച്ചയം ഒരുക്കുമെന്ന സംസ്ഥാന ബജറ്റിലെ വമ്പൻ പ്രഖ്യാപനം ജില്ലക്ക് പ്രതീക്ഷ സമ്മാനിക്കുന്നു. കൂടാതെ കൊച്ചിൻ ഷിപ് യാർഡിലെ വികസന പ്രവർത്തനങ്ങൾക്കായി 500 കോടി, കൊച്ചി മെട്രോക്ക് 239 കോടി എന്നിങ്ങനെയുള്ള പദ്ധതികളും കൊച്ചിക്ക് പ്രതീക്ഷ നൽകുന്നു. കളമശ്ശേരിയിൽ വരാൻ പോകുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബജറ്റ് വിശദമാക്കുന്നു
കൊച്ചി മറൈൻഡ്രൈവിൽ ഭവന നിർമാണ ബോർഡ് 3,59,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയവും 35,24,337 ചതുരശ്ര അടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും പരിസ്ഥിതി സൗഹൃദ പാർക്കുകളും ഉൾപ്പെടുത്തി 19,42,000 ചതുരശ്ര അടി പാർക്കിങ് സൗകര്യവും ഉൾപ്പെടുത്തി അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമിക്കുമെന്നതാണ് കൊച്ചിക്കായി വാഗ്ദാനം ചെയ്ത ബൃഹത് പദ്ധതികളിലൊന്ന്.
നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് 2150 കോടി രൂപ ചെലവിലാണ് നിർമിക്കുകയെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി-ബംഗളൂരു വ്യാവസായിക കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി കൊച്ചി-പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനായുള്ള സംസ്ഥാനത്തിന്റെ പദ്ധതി ദേശീയ വ്യവസായ കോറിഡോര്‍ വികസന നിര്‍വഹണ ട്രസ്റ്റ് അംഗീകരിച്ച കാര്യം ബജറ്റിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനുമായി കെ.എസ്.ഐ.ഡി.സിക്ക് ബജറ്റില്‍ 127.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇതുകൂടാതെ കെ.എസ്.ഐ.ഡി.സി. വ്യാവസായിക പാര്‍ക്കുകള്‍ക്കായി 14 കോടി രൂപ വകയിരുത്തി. കൊച്ചിയില്‍ ബി.പി.സി.എല്ലിനോട് ചേര്‍ന്ന് പെട്രോകെമിക്കല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് 600 ഏക്കര്‍ സ്ഥലം കണ്ടെത്തിയതിൽ പാര്‍ക്കിന്റെ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.70 കോടിയും കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച എക്സിബിഷന് സെന്ററിന് 12.50 കോടിയും വകയിരുത്തി.
സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി രൂപ വകയിരുത്തിയതിൽ 20 കോടി രൂപ കളമശ്ശേരി കിന്‍ഫ്ര-ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നൊവേഷന് സോണ്‍ സ്ഥാപിക്കുന്നതിനാണ്.
സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതമായി 100 കോടി, കൊച്ചി കാൻസർ സെൻററിന് 14.5 കോടി, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി, കൊച്ചി നഗരത്തില്‍ മ്യൂസിയം കള്‍ച്ചറല്‍ കോംപ്ലക്സ് നിര്‍മാണത്തിനായി അഞ്ച് കോടി, ജി.സി.ഡി.എക്ക് മൂന്ന് കോടി, ഇടമലയാർ ജലസേചന പദ്ധതിയുടെ വിഹിതം 35 കോടി, ആർ.ഐ.ഡി.എഫ് വായ്പ ഉൾപ്പെടെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് 32 കോടി, കൊച്ചിയില്‍ സ്ഥാപിക്കുന്ന ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീനു വേണ്ടിയുള്ള സംസ്ഥാന വിഹിതമായി അഞ്ച് കോടി,
കൊച്ചിന് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക സഹായമായി ഒരു കോടി രൂപ തുടങ്ങിയവയാണ് മറ്റു പദ്ധതികൾ. ഇതുകൂടാതെ വിവിധ ജില്ലകളിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിൽ എറണാകുളത്തിനും ഇടംകിട്ടിയിട്ടുണ്ട്.
കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിദേശ വായ്പ സഹായത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
239 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വിദേശ വായ്പ സഹായത്തോടെ കൊച്ചിയില്‍ സംയോജിത ജലഗതാഗത സംവിധാനം നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.
ഇതിനായി 150 കോടി രൂപ വകയിരുത്തി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നേതൃത്വത്തില്‍ പുതിയ ക്രൂയിസ് യാനത്തിന്റെ നിര്‍മാണത്തിനായി മൂന്നു കോടിയും അനുവദിച്ചു.
എറണാകുളം കളമശ്ശേരിയില്‍ ഹൈകോടതിയും അനുബന്ധ ജുഡീഷ്യല്‍ ഓഫീസും ഉള്‍ക്കൊള്ളുന്ന ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്ന പദ്ധതി ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൈകോടതി, സബോര്‍ഡിനേറ്റ് കോടതികള്‍, കേരള ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ ആധുനികവല്‍ക്കരണത്തിലൂടെ മെച്ചപ്പെട്ട പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കാനാകും. ഈ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ക്കായി 2024-’25 വര്‍ഷം 15.04 കോടി രൂപ വകയിരുത്തുന്നു.
നീതിന്യായ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 44.14 കോടി രൂപ വകയിരുത്തുന്നതും ജില്ലക്ക് പ്രതീക്ഷ നൽകുന്നു. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈകോടതിയെയും കീഴ്കോടതികളെയും ആധുനികവത്കരിക്കുന്നതിന് 3.30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള സംസ്ഥാന വിഹിതമായി 18 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 27 കോടി രൂപ കേന്ദ്ര വിഹിതവും പ്രതീക്ഷിക്കുന്നുണ്ട്.
കൊച്ചിന് ഷിപ് യാര്‍ഡിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 500 കോടി രൂപ മാറ്റിവെച്ചു. പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത 4000 കോടി രൂപ അടങ്കലുള്ള മൂന്ന് പദ്ധതികളെക്കുറിച്ച് ബജറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഷിപ് യാർഡിലെ വിവിധ പ്രവൃത്തികള്‍ക്കായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മാത്രമായി 3000 കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റ് ഉറപ്പുനൽകുന്നു. ഇതിൽ 2024-25 സാമ്പത്തിക വർഷത്തേക്കാണ് 300 കോടിയെന്നും ഇത് മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രൊജക്ടുകള്‍ക്ക് നീക്കിവെച്ച തുകക്ക് പുറമേയാണെന്നും ധനമന്ത്രി വിശദീകരിക്കുന്നു.
കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.
കോതമംഗലം -വാഴക്കുളം റോഡ്, കോഴിപ്പിള്ളി- അടിവാട് മാര്‍ക്കറ്റ് റോഡ്, തൃക്കാരിയൂര്‍-നാടുകാണി റോഡ്, കൊണ്ടിമറ്റം - പെരുമണ്ണൂര്‍ റോഡ്, ആലുംമാവ് - കുരൂര്‍ റോഡ്, ഇലവുംപറമ്പ് - നാടുകാണി റോഡ് , നേര്യമംഗലം - ഇഞ്ചത്തൊട്ടി റോഡ് , എസ്. എന്‍.ഡി.പി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം - അറക്കക്കുടി കവല - പെരുമണ്ണൂര്‍ റോഡ്, കുട്ടമ്പുഴ പിണവൂര്‍കുടി- ആനന്ദംകുടി റോഡ്.
കോതമംഗലം ടൗണ്‍ ഹാൾ, ഇഞ്ചത്തൊട്ടി പാലം , ഊന്നുകൽ - തേങ്കോട് റോഡ്, കോതമംഗലം -പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ),സൊസൈറ്റി പടി -കനാല്‍ പാലം - മേതലപടി -പാഴൂര്‍മോളം-കോട്ടച്ചിറ റോഡ്, വായനശാലപടി - വലിയപ്പാറ-കാട്ടാട്ടുകുളം -നെലിമറ്റം റോഡ്, പ്രഫ.എം.പി. വര്‍ഗീസ് റോഡ് (അപ്രോച്ച് റോഡ് എം.എ കോളേജ്), വടാശ്ശേരി -തോളേലി - ഉപ്പുകണ്ടം - ചേലക്കാപ്പള്ളി റോഡ്, മലയോര ഹൈവേ, ബ്ലാവന പാലം - മണികണ്ഠന്‍ചാല്‍ പാലം, ബംഗ്ലാകടവ് പാലം, ചെറുവട്ടൂര്‍ - അടിവാട്ട് പാലം, പുലിമല പാലം, ഊന്നുകൽ - വെങ്ങല്ലൂര്‍ റോഡ് (ഊ ന്നുകൽ -ചാത്തമറ്റം), ചാത്തമറ്റം - ഊരംകുഴി റോഡ് (മാതിരപ്പിളളി പള്ളിപ്പടി- ഇഞ്ചൂർ പള്ളിപ്പടി ) എന്നീ പദ്ധതികൾക്കാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.