കൊച്ചി: ഇരയെ വിവാഹം കഴിച്ചതിനാൽ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നൽകിയ ഹരജി ഹൈകോടതി തള്ളി. ബലാത്സംഗം സമൂഹത്തോടുള്ള കുറ്റകൃത്യമായതിനാൽ ഇതിനുശേഷം ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീർപ്പുണ്ടാക്കുന്നതും ക്രിമിനൽ കേസ് റദ്ദാക്കാനോ വിചാരണയിൽനിന്ന് ഒഴിവാക്കാനോ ഉള്ള കാരണമല്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് വി. ഷേർസിയുടെ ഉത്തരവ്. 2017ൽ 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശിയായ 21കാരനും പീഡനത്തിന് കൂട്ടുനിന്നതിന് പ്രതിചേർക്കപ്പെട്ട സുഹൃത്തും നൽകിയ ഹരജികളാണ് തള്ളിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടാം പ്രതിയുടെ വാടകവീട്ടിൽ ഒന്നാം പ്രതി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കൊടുങ്ങല്ലൂർ െപാലീസ് തൃശൂർ അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇേതതുടർന്നാണ് ഇരയെ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടി എഫ്.ഐ.ആറും വിചാരണയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചത്.
2020 ഡിസംബർ എട്ടിന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു ഹരജിയിലെ വാദം. എന്നാൽ, ഇരയെ വിവാഹം കഴിച്ചതിെൻറ പേരിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച് ഒട്ടേറെ സുപ്രീംകോടതി വിധികളുള്ളത് സിംഗിൾ ബെഞ്ച് എടുത്തുപറഞ്ഞു. ബലാത്സംഗം എന്ന മനുഷ്യത്വവിരുദ്ധ കുറ്റകൃത്യം ഇരയെ മാത്രമല്ല, ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതാണ്. അതിനാൽ പിന്നീട് ഉണ്ടാകുന്ന ഒത്തുതീർപ്പും ഇരയെ വിവാഹം കഴിക്കലുമൊന്നും ക്രിമിനൽ കേസ് റദ്ദാക്കാൻ മതിയായ കാരണമല്ല. അപമാനകരവും ഭീതിതവുമായ ബലാൽക്കാരം കൊലപാതകെത്തക്കാൾ ഭീകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.