representative image

റേഷൻ ഭക്ഷ്യധാന്യങ്ങൾ കൂടിയ വിലയ്​ക്ക് വാങ്ങി മറിച്ചുവിൽക്കുന്ന മാഫിയ സജീവം

മട്ടാഞ്ചേരി: ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ കാർഡ് ഉടമകളിൽനിന്ന് കൂടിയ വിലയ്​ക്ക് വാങ്ങി മില്ലുകൾക്കും മറ്റും മറിച്ചുവിൽക്കുന്ന സംഘം കൊച്ചിയിൽ സജീവം. ഭക്ഷ്യധാന്യങ്ങൾ ആവശ്യമില്ലാത്ത കാർഡ് ഉടമകളെ കണ്ടെത്തുകയും അവരെ​െകാണ്ട് കിലോ രണ്ട് രൂപ നിരക്കിൽ അരിയും ഗോതമ്പും ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ വാങ്ങിപ്പിക്കുകയു​ം ചെയ്​തശേഷം കൂടുതൽ തുക നൽകി അവരിൽനിന്ന് ശേഖരിച്ച് മില്ലുകളിലേക്ക് അരിയെത്തിക്കുന്ന ഏജൻറുമാർക്ക് നൽകുകയാണ് ചെയ്യുന്നത്​.

ഭക്ഷ്യധാന്യങ്ങൾ മൂന്നിരട്ടി പണം നൽകിയാണ് കാർഡ് ഉടമകളിൽനിന്ന് ശേഖരിക്കുക. ഇത്​ ചെറിയ സഞ്ചികളിലാക്കി സ്വകാര്യ മില്ലുകളിലേക്ക് ഏജൻറുമാർ ഓട്ടോറിക്ഷയിലും മറ്റും കൊണ്ടുപോകുകയാണെന്നാണ് പറയുന്നത്. ബി.പി.എൽ കാർഡുകൾക്ക് ഒരംഗത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ രണ്ട് രൂപ നിരക്കിൽ ലഭിക്കും. ഒരു കാർഡിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ 20 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ലഭിക്കും. റേഷൻ ഭക്ഷ്യധാന്യങ്ങൾ ആവശ്യമില്ലാത്ത നിരവധി പേരാണ് അനർഹമായി ബി.പി.എൽ കാർഡുകൾ കൈവശം വെച്ചിട്ടുള്ളതെന്ന്​ പറയുന്നു. ഇവരിൽ ഭൂരിഭാഗവും റേഷൻ സാധനങ്ങൾ വാങ്ങാറില്ല. ഇത്തരക്കാരെ കണ്ടെത്തിയാണ് കൂടുതൽ തുക നൽകി ശേഖരിക്കുന്നത്.

അതേസമയം, ബി.പി.എൽ കാർഡിന് അർഹതയുണ്ടായിട്ടും വെള്ളകാർഡ് ലഭിച്ച നിരവധി കുടുംബങ്ങളാണുള്ളത്. ഇവർക്ക് ഒരുകാർഡിന് 10 രൂപ 90 പൈസ നിരക്കിൽ രണ്ട് കിലോ അരി മാത്രമാണ് ലഭിക്കുന്നത്. നീല കാർഡ് ഉടമകൾക്കാകട്ടെ ഒരംഗത്തിന് രണ്ട് കിലോ ഭക്ഷ്യധാന്യങ്ങൾ നാല് രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഇത്തരം കാർഡ് ഉടമകളിൽ ഭൂരിഭാഗവും ബി.പി.എൽ കാർഡിന് അർഹതയുള്ളവരാണെങ്കിലും ലഭിക്കാത്ത സാഹചര്യമാണ്.

നിരവധി പേരാണ് കാർഡ് ബി.പി.എല്ലാക്കാൻ റേഷനിങ് ഓഫിസുകളിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. അനർഹരായ ബി.പി.എൽ കാർഡുകൾ തിരിച്ചെത്തുന്നമുറക്കേ ഇത്തരം അപേക്ഷകളിൽ നടപടി സ്വീകരിക്കൂവെന്നാണ് അറിയുന്നത്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാൻ പരിശോധന നടത്തി തിരികെയെത്തിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - The mafia is active in buying and selling ration food grains at high prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.