കാലടി: മാണിക്യമംഗലം പള്ളിക്ക് സമീപം ജനവാസ മേഖലയിൽ അനധികൃത പാറഖനനം നടക്കുന്നത് പൊലീസെത്തി നിർത്തിച്ചു. ഇതുസംബന്ധിച്ച് മാധ്യമം നൽകിയ വാർത്തക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ. എന്നാൽ, പൊലീസ് വരുന്ന വിവരം ചോർന്നതോടെ ഇവിടെ കിടന്നിരുന്ന ടോറസ്, ടിപ്പർ, എക്സ്കവേറ്റർ ഉൾപ്പെടെയുള്ളവ ഉടൻ മാറ്റിയിരുന്നു.
കോലഞ്ചേരി വീട്ടിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കറിലെ സ്ഥലത്താണ് നിയമലംഘനം നടത്തി പാറഖനനം നടത്തിയത്. വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നുകാണിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പാറ പൊട്ടിച്ചിരുന്നത്. ഉഗ്രസ്ഫോടന ശേഷിയുള്ള സ്ഫോടക വസ്തുക്കളും പാറപൊട്ടിക്കാൻ ഉപയോഗിച്ചിരുന്നു. തുടർന്ന് സമീപത്തുള്ള മിക്ക വീടുകളുടെയും ഭിത്തിയിൽ വിള്ളൽ വീണിരുന്നു. ഭൂമിയിൽ ചില ഭഗങ്ങൾ 20 അടിയോളം ആഴത്തിൽ കുഴിച്ച് മണ്ണും എടുത്തിട്ടുണ്ട്.
ശബ്ദ-പരിസര മലനീകരണവും പാറഖനനവും തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, കലക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.