ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി ക്രൈസ്തവ ദേവാലയ പരിസരത്തെ 20ഓളം വീടുകളിൽ കഴിഞ്ഞദിവസം അർധരാത്രി മാരകായുധങ്ങളുമായി മോഷ്ടാക്കൾ കറങ്ങി നടന്ന് ഭീതിപരത്തി. പൊയ്ക്കാട്ടുശ്ശേരി മാർ ബഹനാം പള്ളിയുടെ കിഴക്കുഭാഗത്തും മണിയംകുളം, പൂക്കൈത ഭാഗങ്ങളിലുമാണ് അക്രമ സ്വഭാവമുള്ള മോഷ്ടാക്കളെന്ന് സംശയിക്കുന്ന സംഘം കറങ്ങി നടന്നത്.
സമീപവാസികൾ പലരും സംഘത്തെ കണ്ടതായി പറയുന്നു. ചില വീടുകളിൽനിന്ന് പണവും വസ്ത്രങ്ങളും മറ്റും മോഷ്ടിച്ചു. വ്യാഴാഴ്ച പുലർച്ചയായിരുന്നു സംഭവം. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ സംഘം നാലുപാടും ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
വീട്ടുകാർ ഉണർന്നതറിഞ്ഞ് പണി തീരാത്ത ഒരു വീട്ടിൽ നിന്ന് മാരകായുധങ്ങളേന്തിയ രണ്ടു പേർ ഇരുളിൽ ഓടി മറയുന്നത് അയൽവാസി കണ്ടതായി പറയുന്നു. ഉളി, ഭീമൻ ചുറ്റിക, കമ്പിപ്പാര തുടങ്ങിയവ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. മാരകായുധങ്ങൾ സംഘത്തിന്റെ കൈവശമുണ്ടാകാമെന്ന ഭീതിയിൽ സ്ത്രീകൾ പുരുഷൻമാരെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു.
പല സംഘങ്ങളായി തിരിഞ്ഞാണ് വീടുകളിൽ കയറിയതെന്നാണ് സംശയിക്കുന്നത്. പല വീടുകളിലും ചൂടിന്റെ കാഠിന്യം മൂലം ജനാലകൾ തുറന്നിട്ടിരിക്കുകയായിരുന്നു. മുറിക്കകത്തുനിന്ന് പ്രത്യേക കൊളുത്തുകളുള്ള വടി ഉപയോഗിച്ചാണ് കട്ടിലിന് സമീപത്തെ സ്റ്റാൻഡിൽ തൂക്കിയിട്ട ബാഗ്, ഷർട്ട് എന്നിവ കവർന്ന് പണം എടുത്തത്. ഒരു വീട്ടിൽനിന്ന് ബാഗിലുണ്ടായിരുന്ന പണം കവർന്നു.
മേശപ്പുറത്തും, തലയിണക്കടിയിലും മറ്റും രാത്രിയിൽ സ്ത്രീകൾ ഊരി വെക്കുന്ന ആഭരണങ്ങളും, മൊബൈൽ ഫോണും മറ്റും കവരാനും ശ്രമം നടന്നിട്ടുണ്ട്. രാത്രി ഒന്നര മുതൽ പുലർച്ച നാല് വരെയുള്ള സമയത്താണ് മോഷ്ടാക്കൾ വിവിധ വീടുകളിലെത്തിയത്. അടുത്തടുത്ത വീടുകളിലായിരുന്നു മോഷണവും, മോഷണ ശ്രമങ്ങളും അരങ്ങേറിയത്. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലെ 10ഓളം വീടുകളിൽ സംഘമെത്തിയതായ സൂചനയുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങമനാട് പൊലീസും നാട്ടുകാരും മോഷണസംഘത്തെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പ്രദേശത്ത് പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. അതേസമയം, ഇതിന് പിന്നിൽ സമീപ പ്രദേശങ്ങളിലെ ചെറുകിട മോഷ്ടാക്കളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വളവും തിരിവും ഇടവഴികളുമുള്ള പ്രദേശത്ത് വഴി വിളക്കുകളോ, വളർത്തു നായ്ക്കളോ, നിരീക്ഷണ കാമറകളോ ഇല്ല. പല വീടുകളിലും അയൽപക്ക ബന്ധങ്ങളും ഊഷ്മളമല്ല. 20ഓളം വീടുകളിൽ പൊലീസ് പരിശോധന നടത്തി. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കുമെന്ന് എസ്.ഐ. പി.ജെ. കുര്യാക്കോസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.