മെട്രോ തൂണിലെ ചരിവ്: തീരാതെ അറ്റകുറ്റപ്പണി;ദുരിതമൊഴിയാതെ ജനം

കൊച്ചി: മെട്രോ തൂണിലെ ചരിവ് പരിഹരിക്കാൻ ആരംഭിച്ച അറ്റകുറ്റപ്പണി മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാനാകാതെ അധികൃതർ.

പത്തടിപ്പാലത്തെ കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിൽ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. ഇതോടെ പാതയിൽ ട്രെയിൻ ഗതാഗതം തകരാറിലായി.

മാർച്ച് 19ന് തൂൺ ബലപ്പെടുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കൊച്ചി മെട്രോ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, നിർമാണം ആരംഭിച്ച് 77 ദിവസം പിന്നിട്ടിട്ടും പണി തീർന്നിട്ടില്ല. പത്തടിപ്പാലം -ആലുവ റൂട്ടിൽ മെട്രോ ട്രെയിൻ ഇപ്പോഴും 20 മിനിറ്റ് ഇടവേളയിലാണ് സർവിസ് നടത്തുന്നത്. സ്കൂൾ, കോളജ് ക്ലാസുകൾ ആരംഭിച്ചതോടെ റോഡിലെ ഗതാഗതക്കുരുക്കും ഇരട്ടിയായി. അതേസമയം, നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് കൊച്ചി മെട്രോ അധികൃതർ നൽകുന്നത്.

ഭൂമിക്കടിയിലെ പാറയിൽ തൂണിന്‍റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണഗതിയിൽ നാല് പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പൈലുകളും പാറയും തമ്മിൽ ഒരു മീറ്ററോളം അകലമുള്ളതായും വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങില്‍ അറ്റകുറ്റപ്പണി നടക്കില്ലെന്ന വിലയിരുത്തലിലാണ് ചരിവ് കണ്ടെത്തിയ സ്ഥലത്തെ പൈലിങ് ബലപ്പെടുത്താൻ തീരുമാനിച്ചത്. പിഴവ് സംഭവിച്ചെന്ന് ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും തുറന്നുപറഞ്ഞിരുന്നു.

ഗുരുതര പിഴവ് കണ്ടെത്തിയിട്ടും ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. അറ്റകുറ്റപ്പണിക്കുള്ള ചെലവ് സംസ്ഥാന സർക്കാറിനെ ബാധിക്കാത്ത രീതിയിൽ കരാറുകാരായ എല്‍ ആൻഡ് ടി കമ്പനിയാണ് വഹിക്കുന്നത്.

Tags:    
News Summary - The slope of the metro pillar: endless repairs; people without distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.