കൊച്ചി: കോവിഡാനന്തര ചികിത്സക്ക് ആയുർവേദത്തെ കൂടുതൽപേർ ആശ്രയിക്കുേമ്പാൾ പ്രതിസന്ധിയായി ആയുർവേദ തെറാപ്പിസ്റ്റുകളുടെ കുറവ്. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവക്ക് തെറാപ്പി കോഴ്സ് പഠിച്ചിറങ്ങി പരിശീലനം നേടിയവരാണ് വേണ്ടത്. തെറാപ്പിസ്റ്റുകളുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുേമ്പാൾ മതിയായ പരിശീലനം ലഭിക്കാത്ത മറ്റ് ജീവനക്കാരാണ് ചികിത്സ നൽകുന്നത്.ജില്ലയിലെ 14 സർക്കാർ ആയുർവേദ ആശുപത്രികളിലായി നിലവിൽ അനുവദിക്കപ്പെട്ട തെറാപ്പിസ്റ്റുകളുടെ എണ്ണം ആറെണ്ണം മാത്രമാണ്. 50 കിടക്ക സൗകര്യമുള്ള എറണാകുളം ജില്ല ആയുർവേദ ആശുപത്രിയിൽ രണ്ട്, പിറവം ആശുപത്രിയിൽ രണ്ട്, നോർത്ത് പറവൂർ, പെരുമ്പാവൂർ ആശുപത്രികളിലായി ഒരോന്ന് വീതവുമാണ് നിലവിൽ തെറാപ്പിസ്റ്റുകൾ ഉള്ളത്.
ജില്ലയിലെ മൊത്തം ആയുർവേദ ആശുപത്രികളിലായി 310 കിടക്കകൾ ഉള്ളപ്പോൾ 56 തസ്തികകൾ അനുവദിക്കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. തെറാപ്പിസ്റ്റ് തസ്തികകൾ ഇല്ലാത്തിടത്ത് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തെറാപ്പിസ്റ്റുകളെ നിയമിക്കുന്നുണ്ട്.
താൽക്കാലികാടിസ്ഥാനത്തിൽ ഇങ്ങനെ 14 പേരെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പി.എസ്.സി ലിസ്റ്റിൽ 20 തെറാപ്പിസ്റ്റുകൾ ജോലി കാത്തിരിക്കുേമ്പാഴാണ് ഇൗ അവസ്ഥ.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർതന്നെയാണ് പലയിടങ്ങളിലും താൽക്കാലികാടിസ്ഥാനത്തിൽ ജോലിനോക്കുന്നത്. ഇവരിൽ പലർക്കും ഇനിയൊരുവട്ടം കൂടി പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിയാറായി. 2022 ജനുവരി അഞ്ചിന് റാങ്ക് ലിസ്റ്റ് കാലാവധിയും കഴിയും. റാങ്ക് ലിസ്റ്റ് റദ്ദാകുംമുമ്പ് തസ്തികകൾ സൃഷ്ടിക്കണമെന്ന് ലിസ്റ്റിലുള്ളവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.