വൈറ്റില: കൊച്ചി നഗരത്തിലെ യാത്രക്കാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങള് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍, പാലം ഉദ്ഘാടനം ചെയ്ത് ഒരുവര്‍ഷം പിന്നിടുമ്പോഴും വൈറ്റിലയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതല്ലാതെ കുറയുന്നില്ല. അതേസമയം, കുണ്ടന്നൂരിലെ മേല്പാലംമൂലം ഒരുപരിധിവരെ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ട്. എന്നാല്‍, അപ്രോച്ച് റോഡുകളുടെ വീതി കുറവും ശോച്യാവസ്ഥയുമാണ് നിലവില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം.
സിഗ്നല്‍ ഇല്ലാത്ത വൈറ്റില സ്വപ്നം കണ്ട നഗരവാസികളെ കൂടുതല്‍ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണ് അശാസ്ത്രീയ മേല്‍പാലം. ക്രമീകരണമില്ലാതെ ഉദ്ഘാടനത്തിന് മാത്രം നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിെൻറ താഴെ മിക്ക ഭാഗങ്ങളും പൊലീസ് അടച്ചുകെട്ടിയിരിക്കുകയാണ്. കാരണം, ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും അപകടങ്ങള്‍ സംഭവിക്കുമെന്നും ട്രാഫിക് പൊലീസിന് ഉറപ്പുള്ളതുകൊണ്ടാണ്.
ഇടപ്പള്ളി-ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സുഗമമായി മേല്പാലത്തിലൂടെ യാത്ര ചെയ്യാമെങ്കിലും എറണാകുളം-കോട്ടയം ഭാഗങ്ങളിലേക്കും പാലാരിവട്ടത്തുനിന്ന് വൈറ്റിലക്കും സഞ്ചരിക്കുന്നവര്‍ക്ക് മേല്‍പാലത്തിെൻറ ഗുണം ലഭിക്കാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. ട്രാഫിക് പൊലീസ് നിരന്തരം പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
2017 ഡിസംബര്‍ 11 നാണ് വൈറ്റില മേല്‍പാലത്തിെൻറ നിര്‍മാണം ആരംഭിച്ചത്. ദേശീയപാതയുടെ ഭാഗമായ മേല്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് ചെലവ്. കോടികള്‍ മുടക്കിയിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാതാകുകയാണ് അശാസ്ത്രീയ നിർമാണംമൂലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.