കൊച്ചി: ജല മെട്രോ യാഥാർഥ്യമാകുന്ന ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകുമ്പോൾ കൗതുകമായിരുന്നു അവരുടെ മുഖങ്ങളിൽ. ഫ്ലാഗ് ഓഫ് ചെയ്യുന്നതിനുമുമ്പെ എത്തി അവർ ബോട്ടിൽ സ്ഥാനം പിടിച്ചിരുന്നു.
ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽനിന്ന് എത്തിയ 12 ഭിന്നശേഷിക്കാരായ വിദ്യാർഥികളായിരുന്നു ആദ്യ ജല മെട്രോ സർവിസിൽ ഇടംപിടിച്ചത്.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൈപിടിച്ചും വീൽചെയറിലുമൊക്കെയാണ് അവർ ബോട്ടിൽ കയറാനെത്തിയത്. ആടിയും പാടിയും ആഘോഷകരമായിരുന്നു അവരുടെ യാത്ര. മട്ടാഞ്ചേരി രക്ഷാ സ്പെഷൽ സ്കൂളിലെ എയ്ഞ്ചൽ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
ഹൈകോർട്ട് സ്റ്റേഷനിൽനിന്ന് ഉച്ചക്ക് 1.08ന് നീലേശ്വരം എന്ന് നാമകരണം ചെയ്ത ബോട്ട് യാത്ര ആരംഭിക്കുമ്പോൾതന്നെ ആർപ്പോ വിളികളും ഉയർന്നു.
കൈകളിൽ കുഞ്ഞു ദേശീയപതാകയുമേന്തിയായിരുന്നു അവർ എത്തിയത്. ഏലൂർ സ്പെഷൽ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ അരുണും അനിതയും ഫയാസും സിന്ധുവുമൊക്കെ വീൽചെയറിലാണ് എത്തിയതെങ്കിലും ആവേശം ഒട്ടും ചോരാതെ അവരും യാത്ര ആഘോഷമാക്കി. ഗ്ലാസുകളിട്ട് ശീതീകരിച്ച് അത്യാധുനിക സൗകര്യമുള്ള ബോട്ടുകൾ കണ്ടപ്പോൾ പലർക്കും കൗതുകമായിരുന്നു. ബോട്ടിലെ സൗകര്യങ്ങളെക്കുറിച്ച് അവർക്ക് അധ്യാപകരും ജല മെട്രോ അധികൃതരും വിശദീകരിച്ച് നൽകി. ജല മെട്രോയിൽ കയറാൻ ഇനിയും വരുമോ എന്ന ചോദ്യത്തിന് തലയാട്ടി വീണ്ടും എത്തുമെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.