കാക്കനാട്: തൃക്കാക്കരയിലും പരിസരത്തും ഇലക്ട്രിക് വയറുകൾ തേടി മോഷ്ടാക്കളെത്തുന്നത് പതിവാകുന്നു. നിർമാണം പുരോഗമിക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. വയറിങ്ങിനെത്തിക്കുന്ന ഇലക്ട്രിക് വയറുകളാണ് മുറിച്ച് കൊണ്ടുപോകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.
തൊഴിലാളികൾ ഇല്ലാത്ത സമയം നോക്കി കെട്ടിടങ്ങളിലെത്തുന്ന ഇയാൾ പ്ലയർ ഉപയോഗിച്ചാണ് വയർ മുറിച്ചെടുക്കുന്നത്. വയറുകൾ ചുരുട്ടി ബാഗിലാക്കി ഒന്നുമറിയാത്ത പോലെ കടന്നു കളയും. പിന്നീട് തൊഴിലാളികളോ ഉടമകളോ കെട്ടിടത്തിലെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രതി വയറുകൾ മുറിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പത്തോളം പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇൻഫോപാർക്ക് സ്റ്റേഷനിലെ ഏതാനും വീടുകളിലും മോഷണം നടന്നു. ഓരോ കെട്ടിടങ്ങളിലും അര ലക്ഷം രൂപ മുതൽ വില വരുന്ന വയറുകളാണ് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.