തൃക്കാക്കര നഗരസഭ കാര്യാലയത്തിന് സമീപത്തെ യാർഡിലെ മാലിന്യക്കൂന
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ മാലിന്യമുക്ത പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. നഗരസഭ ആസ്ഥാനത്തോട് ചേർന്ന പ്ലാസ്റ്റിക്ക് മാലിന്യ സംഭരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെയാണ് വ്യാഴാഴ്ച കലക്ടറെ പങ്കെടുപ്പിച്ച് നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടത്താൻ ഭരണ സമിതി തീരുമാനിച്ചത്.
പ്രതിപക്ഷ അംഗങ്ങൾ കലക്ടറെ നേരിൽ കണ്ട് നിലവിലെ അവസ്ഥ വിവരിക്കുകയായിരുന്നു. തുടർന്ന് മൂന്നു ദിവസത്തിനകം മാലിന്യ നീക്കം പൂർത്തിയാക്കണമെന്ന് കലക്ടർ നഗരസഭ ചെയർപേഴ്സന് നിർദേശം നൽകി. ‘പ്ലാസ്റ്റിക് കൂനകൾ നിറഞ്ഞ് തൃക്കാക്കര നഗരസഭ പരിസരം’ എന്ന തലക്കെട്ടോടെ ജനുവരി 25ന് ‘മാധ്യമം’ നൽകിയ വാർത്തയെ തുടർന്ന് കലക്ടർ ഇടപെട്ടിരുന്നു.
തുടർന്ന് ഫെബ്രുവരി ആദ്യ ആഴ്ച്ചയോടെ മാലിന്യം നീക്കം ചെയ്തെങ്കിലും പിന്നീടങ്ങോട്ട് പഴയ സ്ഥിതിയിലേക്ക് തിരിയുകയായിരുന്നു നഗരസഭ. കെട്ടിക്കിടക്കുന്ന പഴയ പ്ലാസ്റ്റിക്ക് മാലിന്യ ചാക്കുകൾ ഉടനെ നീക്കം ചെയ്യണമെന്നും കലക്ടർ നിർദ്ദേശിച്ചു.തൃക്കാക്കര നഗരസഭ ഓഫിസിനോടും സഹകരണ ആശുപത്രിയോടും ചേർന്നുള്ള പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലാണ് മാലിന്യം നിറച്ച ചാക്കുകൾ കുന്നുകൂടുന്നത്. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം കയറ്റിവിടാനാകാത്തതാണ് പെരുകാൻ കാരണം.
നേരത്തേ നഗരസഭയുടെ ഹരിതകർമ സേന ജൈവ മാലിന്യമെടുക്കുമ്പോൾ അതോടൊപ്പം കിട്ടുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ മാത്രം പ്രത്യേകം തൊഴിലാളികളെ നിയോഗിച്ചിട്ടു ള്ളതിനാൽ ഇവിടെ എത്തുന്ന മാലിന്യത്തിന്റെ അളവ് കൂടി. പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ നിന്ന് ഇത് ഏറ്റെടുക്കുന്ന ഏജൻസിയുടെ ബില്ലുകൾ പാസാക്കി നൽകിയിട്ടും അവരും മെല്ലെ പ്പോക്കിലാണ്. കലക്ടറേറ്റ്, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, ജില്ല പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയും ഒട്ടേറെ പാർപ്പിട സമുച്ചയങ്ങളും ഇതിന് 100 മീറ്റർ ചുറ്റളവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.