മഞ്ഞക്കുളത്തെ ഒരു ദിവ്യ പുരുഷനെക്കുറിച്ച് ഒരു മാലപ്പാട്ടുണ്ട്. അതിലെ ഒരു അപദാനം ഇങ്ങനെയാണ് 'ഗുരുവിന്റെ മഖ്ബറന്റെ അരികിൽ തീവണ്ടിക്ക് കുറ്റി തറച്ചോന്റെ കുതിരയെ കൊന്നോവർ'. ട്രെയിനിന് കുറ്റിയിടൽ പണ്ടേക്കുപണ്ടേ വൻ പ്രതിഷേധം വിളിച്ചുവരുത്തുന്ന സംഗതിയാണെന്ന് അർഥം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിറ്റായിരുന്നു കേരളത്തിലെ താരം ഇപ്പോൾ കുറ്റിയാണ് താരം. കിറ്റിൽനിന്ന് കുറ്റിയിലേക്കുള്ള ദൂരമാണ് വാസ്തവത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കുറ്റികൾ പലതരമുണ്ട്. മഞ്ഞക്കുറ്റി, ചുവന്ന ഗ്യാസ്കുറ്റി, സ്ഥിരം കുറ്റി, മാക്കുറ്റി, പൂക്കുറ്റി അങ്ങനെ പോകുന്നു... ഇതിൽ പ്രധാനം മഞ്ഞക്കുറ്റിയും ചുവന്ന കുറ്റിയുമാണ്. കാരണഭൂതർ കനിഞ്ഞരുളിയ കുറ്റിയാണ് മഞ്ഞക്കുറ്റി. മറ്റേത് അത്ഭുതക്കുട്ടിയുടെ ഗുരുഭൂതരുടെ കുറ്റിയാണ്.
ഉദ്യോഗസ്ഥപ്പടയുടെ കാർമികത്വത്തിൽ പാർട്ടി ഫാൻസുകാരും പൊലീസുകാരും നാട്ടുകാരെ ചവിട്ടിവീഴ്ത്തി ഭക്തിപുരസ്സരം ജാപ്പനീസ് കുലദൈവമായ 'ജൈക്ക' തമ്പുരാനെ മനസ്സിൽ ധ്യാനിച്ച് നാട്ടുകാരുടെ പറമ്പിലും അടുക്കളയിലും ആദരപൂർവം മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതാണ് കെ-റെയിൽ ആചാരം. അതിനു പിന്നാലെ നാട്ടുകാരും പ്രതിപക്ഷവും ചേർന്ന് ആഘോഷപൂർവം കുറ്റി ഇളക്കിമാറ്റി ഘോഷയാത്രയായി കുളത്തിലോ ആളൊഴിഞ്ഞ പറമ്പിലോ നിക്ഷേപിച്ച് ഉപചാരംചൊല്ലി പിരിയുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
മഞ്ഞയായാലും ചുവപ്പായാലും രണ്ടിനും ഒരു പൊതുവായ പ്രത്യേകതയുണ്ട്. ഇലക്ഷൻ പ്രഖ്യാപിച്ചാൽ പിന്നെ ഇരു കുറ്റിക്കും വിശ്രമമാണ്. മഞ്ഞ നാട്ടാൻ ആരും വരില്ല. വില കൂടിക്കൂടി ദശ സെഞ്ചുറിയും കടന്ന ചുവപ്പൻ കുറ്റിയുടെ വില കൂടുകയും ഇല്ല.
ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ രണ്ടിനേം പിടിച്ചാൽ കിട്ടില്ല. പൂക്കുറ്റിപോലൊരു പോക്കാണ്. ഇനിയും ക്ഷമ പരീക്ഷിച്ചാൽ നാട്ടുകാർ കരണക്കുറ്റി പുകക്കുമെന്നു തോന്നിയിട്ടാണോ എന്തോ കെ-റെയിൽ കുറ്റി ആചാരം അവസാനിപ്പിക്കാൻ കരണഭൂതർ തീരുമാനിച്ചിട്ടുണ്ട്. ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നതെന്താ വിജയാ? ഓരോന്നിനും ഓരോ (തെരഞ്ഞെടുപ്പ്) സമയമുണ്ട് ദാസാ.
രണ്ടിനെക്കുറിച്ചും വായ് തുറക്കാൻ പറ്റാത്ത വേറൊരുകൂട്ടരും ഗോദയിലുണ്ട്. ഒരുസ്ഥാനാർഥിയെ കിട്ടാനുള്ള തൃക്കാക്കര ഓട്ടത്തിലായിരുന്നു അവർ. പാർട്ടിയിലെ പല ഭാരവാഹികളോടും ചോദിച്ചു. ഉള്ള ജോലി ഉപേക്ഷിച്ച് ചുമ്മാപോയി തോൽക്കാനില്ലെന്ന് പലരും കട്ടായം പറഞ്ഞു. അവരുടെ സ്ഥിരം കുറ്റിയോടും ചോദിച്ചു. അങ്ങേരും തൊഴുതൊഴിഞ്ഞു. സ്ഥാനാർഥി നിർണയം വൈകിയപ്പോൾ ചിലർ ഫേസ്ബുക്കിൽ പൊട്ടിത്തെറിച്ചു. അതോടെയാണ് നിസ്വനായ ഒരു സ്ഥാനാർഥിയെ ഒരുതരത്തിൽ കിട്ടിയത്. പരമ സാത്വികൻ, വോട്ട് കൂടിയാലും സന്തോഷം കുറഞ്ഞാലും സന്തോഷം. പരാതിയില്ല പരിഭവമില്ല. കിട്ടുന്നതെല്ലാം ലാഭം, അത്ര തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.