കാക്കനാട്: മാലിന്യ സംസ്ക്കരണത്തിലും സംഭരണത്തിലും നട്ടംതിരിഞ്ഞ് തൃക്കാക്കര നഗരസഭ. ഇതേച്ചൊല്ലി ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ പിരിഞ്ഞു. യോഗം ആരംഭിച്ചയുടനെ ഒന്നാമത്തെ അജണ്ടയായ മാലിന്യ വിഷയത്തിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിയുമായും നഗരസഭ വൈസ് ചെയർമാനുമായും തർക്കമായി.
ഹരിതകർമ്മ സേന വഴി ശേഖരിക്കുന്ന ജൈവമാലിന്യത്തിന് പ്രതിമാസം 200 രൂപ ഫീസ് ഈടാക്കുന്നതിൽ നിന്നും 70 രൂപ വീതം നഗരസഭ ഫണ്ടിലേക്ക് ഒടുക്കുന്നതിനായി സെക്രട്ടറിയുടെ പേരിൽ അക്കൗണ്ട് തുടങ്ങുന്ന കാര്യം ചർച്ചചെയ്യാൻ എടുത്തപ്പോൾ പ്രതിപക്ഷം എതിർത്തു.
അജണ്ടയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ സംസാരിക്കാൻ എഴുന്നേറ്റ സെക്രട്ടറിയെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, എം.ജെ. ഡിക്സൺ, പി.സി മനൂപ്, ജിജോ ചിങ്ങംതറ അടക്കമുള്ള അംഗങ്ങൾ ബഹളംവെച്ച് പാഞ്ഞടുക്കുകയായിരുന്നു. സെക്രട്ടറിക്ക് നേരെ ഇടതു വനിത അംഗങ്ങളും പ്രതിഷേധസ്വരവുമായി എത്തി.
അതേസമയം, പ്രതിപക്ഷനടപടിയെ ചോദ്യംചെയ്ത് യു.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സൺ രാധമണിയുടെ അടുത്ത് പരാതിയുമായി എത്തുകയും തുടർന്ന് അജണ്ടകൾ എല്ലാം പാസാക്കിയതായി അറിയിച്ച്. കൗൺസിൽ പിരിച്ചുവിടുകയായിരുന്നു.
എന്നാൽ അജണ്ട പാസാക്കിയ നടപടി ശരിയായില്ലെന്ന് ആക്ഷേപിച്ച് പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്സന് നേരെ പ്രതിഷേധവുമായി എത്തി. ചെയർപേഴ്സൻ രാധാമണിപ്പിള്ള ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽഹാളിൽ നിന്നും പോയെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ ഹാൾ വിട്ടുപോകാൻ തയാറായില്ല. അജണ്ട വായിച്ച ക്ലാർക്കിന് നേരെയും പ്രതിപക്ഷാംഗങ്ങൾ രോഷാകുലരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.