തൃക്കാക്കര നഗരസഭ: അധ്യക്ഷയുടെ ചേംബറിന് മുന്നിൽ മനുഷ്യമതിൽ തീർത്ത് എൽ.ഡി.എഫ്

കാക്കനാട്: ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പ്രതിഷേധ സമരങ്ങളിൽ മുങ്ങി തൃക്കാക്കര നഗരസഭ. ചെയർപേഴ്സൻ രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് സമരം ശക്തമാക്കിയപ്പോൾ പ്രതിപക്ഷ സമരത്തിനെതിരെയായിരുന്നു യു.ഡി.എഫ് സമരം.

അതേസമയം നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ചേംബറിലെത്താതിരുന്നതിനാൽ സംഘർഷം ഒഴിവായി.

അധ്യക്ഷയുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധം തീർത്തു. കഴിഞ്ഞ ദിവസത്തെപ്പോലെ അധ്യക്ഷ എത്തിയാൽ ഒരുകാരണവശാലും അകത്തുകയറ്റില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു കൗൺസിലർമാർ.

കൈകൾ ചേർത്ത​ുപിടിച്ച് ചേംബറിന് മുന്നിൽ മനുഷ്യമതിൽ തീർത്തു. കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിൽ ഏഴ് കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ ബാക്കിയുള്ള പത്തോളംപേർ മാത്രമായിരുന്നു സമര രംഗത്തുണ്ടായിരുന്നത്. സ്ഥിരം സമിതി അധ്യക്ഷരുടെ മുറികളിൽനിന്നടുത്ത കസേരകളിൽ ഇരുന്നും നിന്നും നടത്തിയ പ്രതിഷേധമതിൽ മണിക്കൂറുകൾ നീണ്ടു.

അതേസമയം അജിത തങ്കപ്പൻ നഗരസഭയിലെത്തിയാൽ പ്രതിപക്ഷത്തി​െൻറ പ്രതിഷേധം ഏതുവിധേനയും ചെറുക്കുമെന്ന നിലപാടിലായിരുന്നു യു.ഡി.എഫ് കൗൺസിലർമാർ. കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിൽ മൂന്ന് യു.ഡി.എഫ് കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. സെക്രട്ടറി പ്രവേശന വിലക്കേർപ്പെടുത്തി പൂട്ടി നോട്ടീസ് പതിച്ച ചെയർപേഴ്സ​െൻറ ചേംബറിൽ അജിത തങ്കപ്പൻ സ്വന്തം താക്കോലുപയോഗിച്ച് കയറിയതിനെത്തുടർന്ന് ബുധനാഴ്ച വൻ സംഘർഷം ഉടലെടുത്തിരുന്നു. പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും വരുംദിവസങ്ങളിലും നഗരസഭയിലെത്തി ജോലികൾ നിർവഹിക്കുമെന്നും അജിത വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Thrikkakara Municipal Corporation: Protest In front of the chairperson's chamber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.