തൃപ്പൂണിത്തുറ: മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും യാഥാർഥ്യമാകാതെ തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി. നിലവിലെ അലൈന്‍മെൻറില്‍ മാറ്റം വരുത്തുകയും ചെയ്തതോടെ നാടിെൻറ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ ദുരിതത്തിലായിരിക്കുകയാണ്. സര്‍വേ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ ഭൂമി വില്‍ക്കാനോ വീടിെൻറ അറ്റകുറ്റപ്പണി നടത്താനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് 150ലധികം കുടുംബങ്ങള്‍.
2000 രൂപ പൊന്നുംവിലയായി പാടത്തിനും 30,000 രൂപയില്‍ താഴെ കരഭൂമിക്ക് വിലയും നിശ്ചയിച്ച സ്ഥലത്തിന് അഞ്ചുലക്ഷം രൂപ വരെയാണ് ഇപ്പോള്‍ സെൻറിന് വില.
ഭാരത്മാല പദ്ധതിയിൽപെടുത്തി അങ്കമാലി-പുത്തന്‍കുരിശ്-കുണ്ടന്നൂര്‍ പാതയെന്ന പുതിയ പദ്ധതിയുടെ ഭാഗമായി നാഷനല്‍ ഹൈവേ അതോറിറ്റി അലൈന്‍മെൻറ് മാറ്റിയതോടെ ഭൂമി വിട്ടുനല്‍കിയവര്‍ വീണ്ടും ആശങ്കയിലായി. കുണ്ടന്നൂര്‍ മുതല്‍ മറ്റക്കുഴി വരെയുള്ള പ്രഖ്യാപിത തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി 8.23 കിലോമീറ്ററാണെങ്കില്‍ അങ്കമാലി പദ്ധതിക്ക് തയാറാക്കിയ കരട് രേഖയില്‍ പുത്തന്‍കുരിശ് മുതല്‍ കുണ്ടന്നൂര്‍ വരെ 22 കി.മീറ്റര്‍ വരും. തൃപ്പൂണിത്തുറ ബൈപാസ് അലൈന്മെൻറിലൂടെതന്നെ ഭാരത്മാല പദ്ധതിയുടെ ഭാഗമായ കൊച്ചി-തേനി ഹൈവേ വരുമെന്നായിരുന്നു ഹൈവേ പ്രോജക്ട് ഡയറക്ടര്‍ ബാലചന്ദ്രന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍, ഇതിനുവിരുദ്ധമായാണ് ഇപ്പോള്‍ പുതിയ അലൈന്മെൻറ്് തീരുമാനിച്ചിരിക്കുന്നത്. മറ്റക്കുഴിക്കും പുത്തന്കുരിശിനും ഇടയിെല ദൂരം നാല് കി.മീ. മാത്രമേയുള്ളൂ. 8.23നോട് നാല് കി.മീ. ചേര്‍ത്താല്‍ 12.23 കിലോമീറ്ററില്‍ കുണ്ടന്നൂര്‍ എത്താമെന്നിരിക്കെ പുത്തന്‍കുരിശ്, തിരുവാണിയൂര്‍ പഞ്ചായത്തുകളിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന പുതിയ അലൈന്‍മെൻറ് തല്പരകക്ഷികളുടെ താല്പര്യത്തിനു വേണ്ടിയുള്ളതാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കുണ്ടന്നൂര്‍ ബൈപാസിന് അഞ്ച് ഹെക്ടര്‍ ഏറ്റെടുത്തു കഴിഞ്ഞതാണ്.
ബാക്കിയുള്ളവ ഏറ്റെടുക്കാന്‍ നോട്ടിഫിക്കേഷന്‍ നല്കി കല്ലിട്ടു പോയതുമാണ്. ഇതിനിടെയാണ് സമാന്തരമായി പുതിയ പദ്ധതിയും അലൈന്‍മെൻറും വരുന്നത്. തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989ല്‍ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. 16.17 ഹെക്ടര്‍ ഭൂമിയാണ് പദ്ധതി നടത്തിപ്പിന് ആകെ ഏറ്റെടുക്കേണ്ടത്. 4.43 ഹെക്ടര്‍ മാത്രമാണ് ഇതുവരെ പണം നല്കി ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്രഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് പദ്ധതി നിലച്ചത്.
രണ്ടാം ഘട്ടത്തില്‍ തിരുവാങ്കുളം റെയില്‍വേ ലൈന്‍ മുതല്‍ തൃപ്പൂണിത്തുറ മിനി ബൈപാസ് വരെയുള്ള ഭൂമി ഏറ്റെടുക്കണം. ഏകദേശം 1005 കോടി രൂപ ഭൂമി ഏറ്റെടുക്കാനും 350 കോടി റോഡ് നിര്‍മാണത്തിനും ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്.
കാലാവധി കഴിഞ്ഞതിനാല്‍ സ്ഥലമെടുപ്പ് അടക്കമുള്ളവയ്ക്ക് പുതിയ വിജ്ഞാപനം വരണം. 31 വര്‍ഷമായി ഹൈവേയുടെ പേരില്‍ ബുദ്ധിമുട്ടുന്ന 150ൽപരം ഭൂവുടമകള്‍ക്ക് നിരാശയും ആശങ്കയുമാണ് ബാക്കിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.