തൃപ്പൂണിത്തുറ: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനതലത്തില്‍ നേട്ടം കൈവരിക്കാനായെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് എല്‍.ഡി.എഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും മറച്ചുവെക്കാനാകില്ല. തൃപ്പൂണിത്തുറയിലെ രണ്ടു വാര്‍ഡുകളിലും വോട്ടുവിഹിതം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചത് പ്രദേശത്ത് സ്വാധീനം വര്‍ധിക്കുന്നതിന്റെ തെളിവാണെന്നാണ് പാർട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം 11 ാം വാര്‍ഡ് നേരത്തേ എന്‍.ഡി.എയുടെ സിറ്റിങ് സീറ്റായിരുന്നു. അന്നും വള്ളി രവി തന്നെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വള്ളി രവിയില്‍നിന്ന് എല്‍.ഡി.എഫിന്റെ കെ.ടി. സൈഗാള്‍ പിടിച്ചെടുക്കുകയായിരുന്നു. സൈഗാളിന്റെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നതും വള്ളി രവിക്കുതന്നെ സീറ്റ് വീണ്ടെടുക്കാനായതും.
49 അംഗ നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 25 അംഗങ്ങളുടെ പിന്തുണ വേണം എന്നിരിക്കെയാണ് രണ്ട് സിറ്റിങ് സീറ്റുകള്‍ കൂടി എല്‍.ഡി.എഫിന് നഷ്ടമായത്. കേവല ഭൂരിപക്ഷം സാധ്യമാകണമെങ്കില്‍ ബി.ജെ.പി.യുടെ പിന്തുണ നേടുകയോ യു.ഡി.എഫ് പിന്തുണക്കുകയോ വേണം. എന്നാല്‍, ബി.ജെ.പി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയാറാകാത്തതിനാല്‍ അവിശ്വാസപ്രമേയ സാധ്യത ഇല്ലെന്നത് എല്‍.ഡി.എഫിന് ആശ്വാസമാകും. 11 ാം വാര്‍ഡില്‍ ഇളമനത്തോപ്പില്‍ കഴിഞ്ഞ തവണ യു.ഡി.എഫ്. നേടിയത് 144 വോട്ടായിരുന്നു. എന്നാല്‍, ഇത്തവണ 70 വോട്ടായി ചുരുങ്ങി.
അതേസമയം കഴിഞ്ഞ തവണ എല്‍.ഡി.എഫിന് ലഭിച്ചതിനേക്കാള്‍ 44 വോട്ടാണ് ഇത്തവണ അധികമായി ലഭിച്ചത്. എന്നിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാതിരുന്നത് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്കു മറിച്ചതുകൊണ്ടാണെന്നാണ് എല്‍.ഡി.എഫിന്റെ വാദം. അതേസമയം വരാനിരിക്കുന്ന പല പദ്ധതികളിലും എതിര്‍പ്പുകളുടെ ഘോഷയാത്രതന്നെ നേരിടേണ്ടി വരുമെന്നതും എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് വഴിയൊരുക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.