കൊച്ചി: അശാസ്ത്രീയ ലോക്ഡൗണിലൂടെ സംഭവിച്ചത് വ്യാപാര, വാണിജ്യ മേഖലയിലെ വൻ തകർച്ച. 2020 ഏപ്രിൽ, മേയ് മാസങ്ങളിലെ ഒന്നാം ലോക്ഡൗണിൽ സംഭവിച്ച ജി.എസ്.ടി വരുമാനത്തകർച്ചക്ക് സമാനമാണ് ഈ വർഷം മേയിലെ സംസ്ഥാനത്തിെൻറ സ്ഥിതി. ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും സംഭവിച്ചത് വൻ കുറവാണ്. സ്ഥാപനങ്ങൾ പൂട്ടിപ്പോയതാണ് കാരണം.
2020 ഏപ്രിലിൽ 114 കോടിയാണ് സംസ്ഥാനത്തുനിന്ന് പിരിച്ച ചരക്കുസേവന നികുതി. കഴിഞ്ഞ ഏപ്രിലിൽ അത് 1063.58 കോടിയായി. എന്നാൽ, തൊട്ടടുത്ത മാസം സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നതോടെ ജി.എസ്.ടി വരുമാനം 481.5 കോടിയിലേക്ക് താഴ്ന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗണിലെ ഭാഗിക ഇളവുകൾകൊണ്ട് നികുതി വരുമാനം മെച്ചപ്പെട്ടെങ്കിലും പൂർണതോതിലേക്ക് എത്തിയിട്ടില്ല.
ഒന്നാം കോവിഡ് ലോക്ഡൗൺ മുതൽതന്നെ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. അശാസ്ത്രീയ നിയന്ത്രണങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നുവെന്ന് മേഖലയിലെ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എറണാകുളത്തെ വ്യാപാരികളെ പ്രതിനിധാനം ചെയ്യുന്ന കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സിന് കീഴിലെ 112 സ്ഥാപനമാണ് ഇക്കാലയളവിൽ പൂട്ടിയത്. ചെരിപ്പ്, വസ്ത്രം, സ്റ്റേഷനറി കടകളാണ് ഇവയിൽ ഏറെയും.
2020 ഏപ്രിലിൽ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യേണ്ട 3.03 ലക്ഷം പേരിൽ 1.67 ലക്ഷം (55.11 ശതമാനം) മാത്രമേ ഫയൽ ചെയ്തിരുന്നുള്ളൂ. അതേവർഷം സെപ്റ്റംബറിൽ 31.3 ലക്ഷം പേരിൽ 26.1 ലക്ഷം (83.04 ശതമാനം) റിട്ടേൺ ഫയൽ ചെയ്തു. എന്നാൽ, ഈ വർഷം ഫെബ്രുവരിയിലെ കണക്കുപ്രകാരം ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യേണ്ടവരുടെ എണ്ണം 2.31 ലക്ഷമായി കുറഞ്ഞു. അതിൽ ഫയൽ ചെയ്തവർ 1.80 ലക്ഷം പേർ (77.99 ശതമാനം) മാത്രവും. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യേണ്ടവരുടെ എണ്ണത്തിൽ വന്ന കുറവ് 71,644 ആണ്. ചുരുക്കത്തിൽ ഇത്രയും വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ രണ്ടാം ലോക്ഡൗണിന് മുമ്പുതന്നെ ഇല്ലാതായിട്ടുണ്ട്. പൂട്ടിപ്പോയ, ജി.എസ്.ടി രജിസ്ട്രേഷൻ വേണ്ടാത്ത സ്ഥാപനങ്ങളുടെ എണ്ണം കണക്കറ്റതാണ്. കടകളുടെ വാടക നൽകാനാവാതെ വഴിയോര വിൽപനയിലേക്ക് തിരിഞ്ഞവരും ആയിരക്കണക്കിന് വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.