മൂവാറ്റുപുഴ: നഗര റോഡ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. രണ്ടാഴ്ചയായി നിർമാണം നിലച്ച റോഡിന്റെ പണി വൈകുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ആർ.എഫ്.ബി സൂപ്രണ്ടിങ് എൻജിനീയർക്ക് എം.പി കത്തുനൽകി.
ഏറെ വിവാദമായ മൂവാറ്റുപുഴ നഗര വികസന പ്രവൃത്തികൾ എവിടെയും എത്താതെനിൽക്കുന്ന സാഹചര്യത്തിലാണ് എം.പിയുടെ ഇടപെടൽ. ഒന്നര പതിറ്റാണ്ടിലേറെക്കാലം കാത്തിരുന്നതിനുശേഷമാണ് മൂവാറ്റുപുഴ നഗരവികസനത്തിന് തുടക്കമായത്. എന്നാൽ, വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മമൂലം നഗര വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്. കെ.എസ്.ഇ.ബിയും കെ.ആർ.എഫ്.ബിയും തമ്മിലെ ശീതസമരം വികസന പ്രവർത്തനത്തെ കാര്യമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അടിയന്തരമായി ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
ഏറെ കെട്ടിഗ്ഘോഷിക്കപ്പെട്ട നഗരവികസനത്തിന് സ്ട്രീറ്റ് ലൈറ്റുകൾപോലും ഇല്ലാത്ത സാഹചര്യം എങ്ങനെ ഉണ്ടായെന്നും പാർക്കിങ് സൗകര്യങ്ങൾ ഇല്ലാത്ത നഗരവികസനം ഈ രീതിയിൽ നടപ്പാക്കരുതെന്നും എം.പി ആവശ്യപ്പെട്ടു. നഗരത്തിൽ പുറമ്പോക്ക് ഭൂമികൾ ആവശ്യത്തിലേറെ ഉണ്ടായിട്ടും പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാതെയും ബസ് വേ നിർമിക്കാതെയും നഗരവികസന പ്രവർത്തനങ്ങൾ അനുവദിക്കാൻ പാടില്ല.
നഗരവികസനം നീളുന്ന സാഹചര്യത്തിൽ കുണ്ടുംകുഴിയുമായി കിടക്കുന്ന നഗരഭാഗങ്ങൾ അടിയന്തരമായി ടാർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.