മട്ടാഞ്ചേരി: വിധവ പെൻഷൻ നടപടികളുടെ പേരിൽ വയോധികർ വലയുന്നു. കഴിഞ്ഞ ആറ് മാസമായി വിവിധ കാരണങ്ങൾ പറഞ്ഞ് വിധവ പെൻഷനുകൾ അധികൃതർ വിലക്കുകയാണെന്നാണ് ആരോപണം. കൊച്ചി നഗരസഭ പരിധിയിൽ മാത്രം ഇരുന്നൂറിലേറെ പേർ പെൻഷൻ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി പറയുന്നു.
സർക്കാർ സാമൂഹ്യ സേവ പെൻഷനുകൾ ഏറെയും നഗരസഭവഴിയാണ് വിതരണം. ഭർത്താവ് മരണപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ,വിവാഹ മോചനം നേടിയവർ എന്നിവരാണ് വിധവ പെൻഷന് അർഹതപ്പെട്ടവർ . പ്രതിമാസം 1000 രൂപയിൽ നിന്ന് 1200 ഉം 1400 ഉം രൂപയാക്കിയതോടെ സർക്കാർ പുതിയ നയത്തിെൻറ പേരിൽ പലരെയും പെൻഷൻ പട്ടികയിൽനിന്ന് ഒഴിവാക്കിയതായാണ് പരാതി. വിധവ പെൻഷൻ തുടർന്നും ലഭിക്കാൻ വീണ്ടും വിവാഹിതരായില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.
ക്ഷേത്രങ്ങൾ, പള്ളികൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രവുമായി അക്ഷയ കേന്ദ്രത്തിലും തുടർന്ന് വില്ലേജ് ഓഫിസിലുമെത്തിയാലാണ് സർട്ടിഫിക്കറ്റ് ലഭ്യമാകുക. ഇതിനായുള്ള നേട്ടോട്ടത്തിലാണ് സ്ത്രീകളും അസുഖബാധിതരുമടക്കമുള്ള മുതിർന്ന പൗരന്മാർ. 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നു പറയുമ്പോഴാണ് 90 വയസ്സ് പിന്നിട്ടവർ വരെ പെൻഷൻ ലഭ്യതയ്ക്കായി ഓടി നടക്കേണ്ടി വരുന്നത് . പുതിയ നിയന്ത്രണങ്ങളെ തുടർന്ന് ആറ് മാസമായി പെൻഷൻ ലഭിക്കാത്തവരുമുണ്ടെന്നും സാമൂഹിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വിധവ പെൻഷനിൽനിന്ന് ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവരെ കൂട്ടമായി ഒഴിവാക്കിയതിനെ തുടർന്ന് പ്രതിഷേധമുയർന്നപ്പോൾ 50 വയസ്സിന് മുകളിലുള്ളവരെ പരിഗണിച്ചതായി കൗൺസിലർമാർ പറയുന്നു.
രേഖകളിൽ വയസ്സ് തെറ്റിയതിെൻറ പേരിൽ 84 കാരിക്ക് പെൻഷൻ നിഷേധിച്ചതായും നഗരസഭാംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.