അടിമാലി: മാങ്കുളം ടൗണിൽ കുടിവെള്ളമില്ലാതെ ഹോട്ടലുകൾ അടച്ചു. മറ്റ് വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഇതര സർക്കാർ സ്ഥാപനകളും പ്രതിസന്ധിയിൽ. ജലനിധിയാണ് മാങ്കുളം ടൗണിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കടുത്ത വേനലിൽ ജലനിധി പദ്ധതിയിൽ വെള്ളം വറ്റിയതോടെയാണ് വിതരണം മുടങ്ങിയത്. ഇതുമൂലം കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ അടക്കം അടക്കേണ്ടിവന്നു. ഇതോടെ മാങ്കുളത്ത് എത്തിയവർക്ക് ഭക്ഷണംപോലും കാട്ടാത്ത അവസ്ഥ വന്നു. രണ്ടു ദിവസമായി കുടുംബശ്രീ ഹോട്ടൽ അടച്ചിട്ട്. അഞ്ച് ഹോട്ടലാണ് മാങ്കുളത്തുള്ളത്. ഇതിൽ മൂന്നെണ്ണമാണ് വെള്ളം ഇല്ലാത്തതിനെ തുടർന്ന് അടച്ചത്.
വിനോദസഞ്ചാര കേന്ദ്രമായി വളർന്ന മാങ്കുളത്ത് വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണ്. ആശുപത്രി, അംഗൻവാടികൾ എന്നിവയും പ്രതിസന്ധി നേരിടുകയാണ്.
കുടിവെള്ളം മുടങ്ങിയിട്ട് പകരം സൗകര്യം ഒരുക്കാതെ പഞ്ചായത്ത് മാറിനിൽക്കുകയാണ്. മറ്റ് പഞ്ചായത്തുകൾ വാഹനങ്ങളിൽ വീടുകളിൽ കുടിവെള്ളം എത്തിക്കുമ്പോൾ മാങ്കുളം പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടില്ല. ഇതിന് വിനിയോഗിക്കാൻ ഫണ്ട് ഇല്ലെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് വിഷയത്തിൽ പഞ്ചായത്ത് നിലപാട്.
13 ആദിവാസി സങ്കേതങ്ങളാണ് മാങ്കുളത്തുള്ളത്. വേലിയാംപാറ, താളുംകണ്ടം, വിരിഞ്ഞപ്പാറ ഉൾപ്പെടെ അഞ്ച് ആദിവാസി കോളനികളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. കിലോമീറ്റർ അകലെ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കൃഷിയും കരിഞ്ഞുണങ്ങിയതോടെ ജനം വലിയ പ്രതിസന്ധിയിലാണ്.
എല്ലാ വാർഡിലും ജലനിധി കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും വരൾച്ച പദ്ധതിയെ പ്രതിസന്ധിയിലാക്കി. ഇതോടെ മാങ്കുളത്തെ വരൾച്ച ബാധിത പഞ്ചായത്തായി പ്രഖ്യാപിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
നെടുങ്കണ്ടം: വർഷംതോറും ഫണ്ടുകൾ ചെലവഴിച്ച് പദ്ധതികളും ജലസംഭരണികളും നിർമിക്കുന്നെങ്കിലും വേനലിന്റെ ആരംഭത്തോടെ ജലസ്രോതസ്സുകൾ വറ്റിവരളുന്നതിനാൽ വെള്ളമില്ലാതെ വലയുകയാണ് ഉമ്മാക്കട ചാറൽമേട് നിവാസികൾ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡിന് ഇരുവശത്തായി മണ്ണിനടിയിലും വെളിയിലുമായി ഡസൻ കണക്കിന് ജലവിതരണ പൈപ്പുകളാണ് വലിച്ചിരിക്കുന്നത്. എന്നാൽ, സെപ്റ്റംബർ അവസാനിക്കുന്നതോടെ ഉമ്മാക്കടയിലെ ജലസ്രോതസ്സുകളും വറ്റിവരളും. മഴക്കാലത്ത് മാത്രമാണ് ഇവർക്ക് സുലഭമായി വെള്ളം ലഭിക്കുക.
നിലവിൽ ഉമ്മാക്കടയിൽ കുടിവെള്ള പദ്ധതികൾ പലതുണ്ടെങ്കിലും വെള്ളം തുള്ളിപോലുമില്ല. ഉമ്മാക്കട കുടിവെള്ള പദ്ധതിക്കായി ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് കുളം നിർമിച്ചെങ്കിലും വേനൽ ആരംഭത്തേടെ വെള്ളം വറ്റുക പതിവാണ്. ഉമ്മാക്കടയിലെയും ചാറൽമേട്ടിലെയും 150ഓളം കുടുംബങ്ങൾക്ക് വേണ്ടിയായിരുന്നു പദ്ധതി. ഉപ്പുകണ്ടത്തായിരുന്നു കുളം നിർമിച്ചത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചാറൽമേട്ടിൽ സംഭരണി നിർമിച്ചു. ഇവിടെ നിന്ന് ചാറൽമേട്ടിലേക്കും വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനിടെ ഉമ്മാക്കടയിൽ വീണ്ടും മറ്റൊരു ജലസംഭരണി കൂടി നിർമിച്ചു. എന്നാൽ, നിലവിൽ വെള്ളം സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. വെള്ളമില്ലാത്തതാണ് പ്രശ്നം. വേനൽ രൂക്ഷമാകുമ്പോൾ ആഴ്ചയിൽ രണ്ടുതവണ പഞ്ചായത്ത് നൽകുന്ന 300 ലിറ്റർ വീതം വെള്ളമാണ് ഉമ്മാക്കട നിവാസികളുടെ ഏകആശ്രയം. ജില്ല പഞ്ചായത്തിൽനിന്ന് രണ്ടാമത് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മോട്ടോർ തകരാർ പരിഹരിക്കുകയും മോട്ടോർ പുര നിർമിക്കുകയും ചെയ്തു. എന്നാൽ, വീടുകളിലേക്ക് വെള്ളം എത്തിക്കാൻ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ പഞ്ചായത്തിന് ഫണ്ടില്ലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഉമ്മാക്കടയിൽ വെള്ളമെത്തിക്കാൻ ചെമ്പകക്കുഴിയിൽ വീണ്ടും കുഴൽ കിണർ നിർമിച്ചെങ്കിലും അവിടെയും വെള്ളമില്ല. ഇപ്പോൾ രാവിലെ മുതൽ കുട്ടികൾ അടക്കം പഞ്ചായത്ത് വെള്ളത്തിന്റെ വാഹനം വരുന്നത് കാത്ത് കലങ്ങളുമായി നിൽക്കുകയാണ്.
ഉമ്മാക്കട മുതൽ ചാറൽമേട് വരെയുള്ള എസ്.സി കോളനിവാസികൾ കൂലിപ്പണിക്കാരാണ്. ഇവിടത്തുകാർക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്.
നെടുങ്കണ്ടം: കുളംനിറയെ വെള്ളം, മോട്ടോർ, ജലസംഭരണി, വിതരണ പൈപ്പുകൾ തുടങ്ങിയവയെല്ലാം സജ്ജമാണെങ്കിലും ഡി.എഫ്.ഒ മെട്ടിലെ കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് മൂന്നുവർഷം. വൈദ്യുതി കണക്ഷൻ എടുക്കാൻ പഞ്ചായത്ത് അംഗം തയാറാകാത്തതാണ് കാരണമെന്നാണ് പദ്ധതി ഗുണഭോക്താക്കളുടെ ആരോപണം. ഇതോടെ ശുദ്ധജലമില്ലാതെ 50 ഓളം കുടുംബങ്ങൾ വലയുകയാണ്.
വൈദ്യുതി കണക്ഷന് പ്രദേശവാസികളിൽനിന്ന് കൺസന്റ് വാങ്ങാത്തതാണ് കാരണം. നെടുങ്കണ്ടം പഞ്ചായത്ത് 21ാം വാർഡിലെ നിലവിലെ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് അംഗത്തോട് താങ്കൾ കൺസന്റ് വാങ്ങിതന്നാൽ വൈദ്യുതി കണക്ഷൻ എടുക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൂന്ന്, 21 വാർഡുകളിലായി താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് വെള്ളമില്ലാതെ വലയുന്നത്.
രണ്ടായിരത്തിൽ ജോയി ഉലഹന്നാൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അള്ളുങ്കൽ കുഞ്ഞുമോൻ എന്ന വ്യക്തി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് കുളം നിർമിച്ചത്. സംഭരണി നിർമിക്കാനും മോട്ടോർ സ്ഥാപിക്കാനും ജലവിതരണ പൈപ്പിനും ഫണ്ടില്ലായിരുന്നു. തുടർന്ന് വേൾഡ് വിഷൻ എന്ന സന്നദ്ധ സംഘടന 2.5 ലക്ഷം മുടക്കി ഡീസൽ മോട്ടോറും പമ്പ് ഹൗസും 20,000 ലിറ്റർ സംഭരണശേഷിയുള്ള സംഭരണിയും നിർമിച്ചു. എന്നാൽ, ഏതാനും വർഷം മുമ്പ് ഡീസൽ മോട്ടോർ തകർരാറിലായതോടെ ശുദ്ധജലവിതരണം അവതാളത്തിലായി. കഴിഞ്ഞ ഭരണസമിതിയിലെ 21ാം വാർഡ് അംഗം ലക്ഷം രൂപ കുളം അറ്റകുറ്റപ്പണിക്കായി അനുവദിച്ചു. കൂടാതെ നിലവിലെ അംഗവും ലക്ഷം രൂപ അനുവദിച്ചു. ഈ രണ്ട് ലക്ഷം രൂപ മുടക്കി പദ്ധതി പുനരാരംഭിക്കാനായി ഇലക്ട്രിക് മോട്ടോറും അനുബന്ധ സൗകര്യവും വാങ്ങിയെങ്കിലും വൈദ്യുതി കണക്ഷൻ ഇതുവരെയും എത്തിയിട്ടില്ല. മോട്ടോർ കൂടി പ്രവർത്തനക്ഷമമായാൽ മേഖലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകും. എന്നാൽ, പദ്ധതി നിലനിൽക്കെ ജലനിധി പദ്ധതി കൊണ്ടുവന്നു. എന്നാൽ, ജലസ്രോതസ്സിൽ വെള്ളമില്ലാത്തതിനാൽ ആ പദ്ധതിയും മുടങ്ങി.
നിലവിൽ 2000 ലിറ്ററിന് 800 രൂപ നൽകി വെള്ളം വിലക്ക് വാങ്ങുകയാണ്. പദ്ധതി പുനരാരംഭിച്ചാൽ നിലവിലെ ചൂട് തുടർന്നാലും ഇനിയും കുറഞ്ഞത് മൂന്നു മാസം കൂടി ഉപയോഗിക്കാൻ ഈ കുളത്തിൽ വെള്ളമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.