ചെറുതോണി: ഇടുക്കിയിലെ ഒട്ടുമിക്ക ദൈവാലയങ്ങളിലും ചെറുതോണിക്കാരൻ ബിനുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ചിത്രമായും ശിൽപങ്ങളായും ബിനുവിന്റെ കരവിരുത് പതിയാത്ത ദേവാലയങ്ങൾ ഇടുക്കിയിൽ അപൂർവം. ചെറുതോണി ഗാന്ധിനഗർ കോളനിയിലെ ‘വർണരേഖ’ എന്ന കലാഗൃഹത്തിൽ ബിനുവിന് ഇപ്പോഴും തിരക്കുതന്നെ. ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും ചുമരുകളെ അലങ്കരിക്കാനുള്ള ശിൽപങ്ങളും ചിത്രങ്ങളും ആ പണിപ്പുരയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളുമാണ് 46കാരനായ ബിനുവിന്റേത്. അതിനു മികച്ച തെളിവാണ് ചെറുതോണി സ്റ്റോണേജ് ടൂറിസ്റ്റ് കോംപ്ലക്സിലെ മുൻഭാഗത്തെ ചുവരിൽ ബിനു വരച്ച ചിത്രം. ഇലകൊഴിഞ്ഞ മരച്ചില്ല ഒറിജിനലാണെന്ന് കരുതി അതിൽ ചേക്കേറാൻ പ്രാവ് പോലും വന്നിരിക്കുകയുണ്ടായി. മരക്കൊമ്പെന്ന് കരുതി രണ്ട് ദിവസമാണ് പ്രാവ് പരിസരത്ത് വട്ടമിട്ട് നടന്നത്. സ്കൂൾ കാലം മുതലേ ചിത്രകലയിലും ശിൽപകലയിലും ബിനു മികവ് കാണിച്ചിരുന്നു.
പൊലീസുകാരനായ അച്ഛന്റെ പ്രോത്സാഹനവും ബലമായി. ഇപ്പോഴും കുരിശു പള്ളികളിലും അൾത്താരയിലും അമ്പലത്തിലെ ചുമരുകളിലും ചിത്രങ്ങൾ വരക്കാൻ പലരും അന്വേഷിച്ചു വരുന്നുണ്ട്. പ്രശസ്ത ശിൽപിയും ചിത്രകലാ അധ്യാപകനുമായ കെ.ആർ ഹരിലാലിന്റെ കീഴിലാണ് പരിശീലനം നേടിയത്.
ഓണം ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തിയ മത്സരത്തിലടക്കം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കുയിലിമലയിലെ പൈതൃക മ്യൂസിയത്തിൽ 100 അടി നീളത്തിൽ ബിനു നിർമിച്ച ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ ഫൈബർ കാസ്റ്റ് ശിൽപം ഏറെ പ്രശംസ നേടി. മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബിനുവിനെ അഭിനന്ദിച്ചാണ് മടങ്ങിയത്.
ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളം ഒഴുകുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തത്. ജില്ല, സംസ്ഥാന ചിത്ര ശിൽപകലാ മത്സരങ്ങളിൽ വിധികർത്താവായും ബിനു പങ്കെടുത്തിട്ടുണ്ട്. ബിനുവിന്റെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ അജയും ചിത്രരചനയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഭാര്യ ലിജിയും അജയും പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ടെന്നും ബിനു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.