കുമളി: സംസ്ഥാന വനം-വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്താതിരുന്നത് നാട്ടുകാരെ നിരാശരാക്കി. വന്യജീവി ആക്രമണത്തിനെതിരെയുള്ള ശാശ്വതപരിഹാര പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന നാട്ടുകാരെയാണ് വനം മന്ത്രി നിരാശരാക്കിയത്. വനം-വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വനം മന്ത്രി എ. കെ. ശശീന്ദ്രനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും വരുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, രണ്ടുപേരും പങ്കെടുത്തില്ല. വന്യജീവികൾ കൃഷി നശിപ്പിക്കുകയും നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ പതിവായ ഘട്ടത്തിലാണ് വനം മന്ത്രി തേക്കടിയിലെത്തുമെന്ന് അറിയിച്ചിരുന്നത്. വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധം നാട്ടുകാരിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് മന്ത്രിയുടെ വരവെന്നത് അധികൃതരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാക്കുന്ന ഭയമാണ് മന്ത്രിമാർ വരാതിരിക്കാൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
സ്പ്രിങ് വാലിയിലും അറുപത്തിമൂന്നാം മൈലിലും രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സ്പ്രിങ് വാലിയിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ വനമേഖലയിലേക്ക് ഓടിക്കാൻ വനപാലകർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. വന്യജീവി ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാതായത് നാട്ടുകാരെ സാമ്പത്തികമായി തകർക്കുന്ന നിലയിലായി. സ്പ്രിങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിനാവശ്യമായ ധനസഹായം നൽകാതെ വനം വകുപ്പ് പിന്നീട് കൈമലർത്തി.
അടുത്തിടെ 62ാം മൈലിലെ കൃഷിയിടത്തിൽ വീട്ടമ്മയെ കാട്ടുപോത്ത് ആക്രമിച്ചു പരിക്കേൽപിച്ചു. ഇവരും ചികിത്സയിൽ തുടരുകയാണ്. കുമളിയിലെ ആദിവാസി കോളനി മുതൽ സ്പ്രിങ് വാലി, അറുപത്തിരണ്ടാം മൈൽ, വാളാർഡി, ചെങ്കര, വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിലെല്ലാം വന്യജീവികൾ കാട് വിട്ടിറങ്ങി പലവിധ നാശനഷ്ടങ്ങൾ വരുത്തുന്നു. ലക്ഷത്തിലധികം വിലവരുന്ന നിരവധി പശുക്കളെയാണ് പുലി, കടുവ എന്നിവ കൊന്നൊടുക്കിയത്.
രാത്രി ജനവാസ മേഖലകളിലും പകൽ കൃഷിയിടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാം കടുവ, പുലി, കരടി എന്നിവയുടെ സാന്നിധ്യം ശക്തമായതോടെ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയപ്പെടേണ്ട സ്ഥിതിയായി. പല സ്ഥലത്തും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതു തന്നെ മുടങ്ങുന്ന നിലയിലാണ്.
വനമേഖലയിൽ നിന്നും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ അതിർത്തിയിൽ കിടങ്ങുകൾ കുഴിക്കുക, വൈദ്യുതി വേലികൾ സ്ഥാപിക്കുക വനത്തിനുള്ളിൽ ജീവികൾക്കാവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കുക എന്നിങ്ങനെ പരിഹാര നടപടികൾ ഉണ്ടായാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂവെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.