കുമളി: തേക്കടിയിൽനിന്ന് കുടിവെള്ള വിതരണത്തിനായി പമ്പ് ചെയ്യുന്ന ജലം വഴി നീളെ ഒഴുകി നഷ്ടമാകുന്നു. ദിവസങ്ങളായി പല ഭാഗത്തും പൈപ്പുകൾ തകർന്ന് വെള്ളം പാഴായിട്ടും വാട്ടർ അതോറിറ്റി അധികൃതർക്കു മാത്രം ഇതൊന്നും കണ്ടെത്താനാവുന്നില്ല.
തേക്കടി, പെരിയാർ ഹൗസിന് പിന്നിൽ കനാലിൽനിന്ന് പമ്പുചെയ്യുന്ന ജലം തേക്കടി റോഡരികിൽ തന്നെയുള്ള പൈപ്പ് തകർന്നാണ് ദിവസങ്ങളായി നഷ്ടപ്പെടുന്നത്. പൈപ്പിലെ വലിയ ദ്വാരം വഴി ജലം ശക്തിയായിക്ക് പുറത്തേക്ക് ഒഴുകി നഷ്ടമായിട്ടും ഇതുവഴി പോകുന്ന അധികൃതർക്ക് ഇതൊന്നും കാണാനാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുമളി പഞ്ചായത്തിനു പുറമെ ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളിലേക്കും ജലം വിതരണം ചെയ്യാനുള്ള ടാങ്കിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് തകർന്ന് ആയിരക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത്. ഇടവിട്ടുള്ള മഴ ഉള്ളതിനാൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താനും തകർന്നവ മാറി, വേനൽ കാലത്തിനു മുമ്പുള്ള ഒരുക്കം നടത്താനും ഇതാണ് അവസരം. എന്നാൽ, ഇതിനൊന്നും അധികൃതർ ശ്രമം നടത്താറില്ല.
കുമളി സെൻട്രൽ ജങ്ഷനിലും മുസ്ലിം പള്ളിക്കു മുന്നിലും ദേശീയപാതയിൽ തകർന്ന പൈപ്പുകൾ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോഴും ജലം പഴാവുകയാണ്. അമരാവതിയുടെ വിവിധ ഭാഗങ്ങൾ, റോസാപ്പൂക്കണ്ടം, തേക്കടി ഭാഗങ്ങളിലെല്ലാം പുതുതായി നൽകിയ കണക്ഷനുകൾ ചോർന്ന് ജലം പാഴാകുന്നു.
ഗുണനിലവാരമില്ലാത്ത പൈപ്പുകൾ, ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരുമായുള്ള ഒത്തുകളിയുമാണ് ‘അറ്റകുറ്റപ്പണി’ തുടർന്നുകൊണ്ടേയിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.