കുമളി: കാടുവിട്ട് നാട്ടിലിറങ്ങുന്ന ജീവികളെ നിയന്ത്രിക്കാൻ കഴിയാതായതോടെ ദേശീയ പാതയോരത്ത് മുന്നറിയിപ്പ് ബോർഡുവെച്ച് വനം വകുപ്പ്. കൊട്ടാരക്കര-ദിണ്ഡിക്കൽ ദേശീയ പാതയിലെ കുമളിക്കു സമീപം ചളിമടയിലാണ് കാട്ടുപോത്തിന്റെ ചിത്രം സഹിതമുള്ള മുന്നറിയിപ്പ് ബോർഡ് വനം വകുപ്പ് സ്ഥാപിച്ചത്.
പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് ഈ ഭാഗത്തുകൂടി പതിവായി കാട്ടുപോത്ത്, മ്ലാവ് എന്നിവയും ഇവയെ പിടികൂടാൻ പുലിയും എത്തിയതോടെയാണ് മുന്നറിയിപ്പ് ബോർഡുമായി വനം വകുപ്പ് രംഗത്തെത്തിയത്.
തേക്കടിയിലേക്കുള്ള വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്ന റോഡിലാണ് മുന്നറിയിപ്പ് ബോർഡ്.
ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ ബോർഡ് കണ്ട്, ദേശീയപാത കാട്ടിനുള്ളിലൂടെയാണോയെന്ന് സംശയിക്കുന്ന സ്ഥിതിയിലായി. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് സമീപ പ്രദേശമായ സ്പ്രിങ്വാലിയിലെ കൃഷിയിടങ്ങളിലൂടെ ഇറങ്ങിയാണ് വന്യജീവികൾ ദേശീയ പാതയിൽ എത്തുന്നത്.
റോഡ് മുറിച്ചുകടക്കുന്ന കാട്ടുപോത്തുകൾ കൃഷിയിടങ്ങൾ, കാപ്പി, തേയിലത്തോട്ടങ്ങൾ വഴി സഞ്ചരിച്ച് കിലോമീറ്ററുകൾക്കപ്പുറം വിശ്വനാഥപുരം, വെള്ളാരംകുന്ന്, ചെങ്കരവരെ എത്തുന്നു. ഇത്തരത്തിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്പ്രിങ്വാലിയിലെ കർഷകൻ മാസങ്ങൾ കഴിഞ്ഞിട്ടും ചികിത്സയിൽ തുടരുകയാണ്. കൃഷിയിടത്തിലെത്തുന്ന ജീവികളെ പിടികൂടാൻ കടുവയും പുലിയുമെല്ലാം ഇറങ്ങുന്നത് നാട്ടുകാരെ പ്രതിസന്ധിയിലുമാക്കുന്നു.
തേക്കടി മുതൽ സ്പ്രിങ്വാലി, വള്ളക്കടവ്, വണ്ടിപ്പെരിയാർ തുടങ്ങി പീരുമേടുവരെ പല സ്ഥലത്തും കൃഷിയിടങ്ങളിൽ ഇറങ്ങി പന്നിയും കുരങ്ങും മ്ലാവും ആനയുമെല്ലാം ലക്ഷങ്ങളുടെ കൃഷിനാശമാണ് വരുത്തുന്നത്. വള്ളക്കടവ് മേഖലയിൽ നാട്ടുകാരുടെ വളർത്തുമൃഗങ്ങളെ പിടികൂടുന്ന കടുവ, പുലി എന്നിവയെ പിടികൂടാൻ വനപാലകർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ എന്നിവ കൃഷിയിടത്തിൽ ഇറങ്ങിയതോടെയാണ് ഇവയെ പിടികൂടാൻ കടുവയും പുലിയുമെല്ലാം നാട്ടിലിറങ്ങി തുടങ്ങിയത്.
വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വലിയ കിടങ്ങുകൾ തീർത്തും വൈദ്യുതി വേലികൾ സ്ഥാപിച്ചുമാണ് മുമ്പ് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാൽ, ഇത്തരം ജോലികൾ പിന്നീട് നടക്കാതായി. കുമളി കൊല്ലംപട്ടട, കുരിശുമല മുതൽ സ്പ്രിങ്വാലി, ചോറ്റുപാറ വരെ മിക്ക സ്ഥലത്തും കിടങ്ങുകൾ മൂടിക്കിടക്കുന്നു. വൈദ്യുതി വേലിയിൽ വൈദ്യുതി ഇല്ലാതായതോടെ ഇവയെല്ലാം ആനക്കൂട്ടം പിഴുതെറിഞ്ഞു. കാടിറങ്ങി വന്യജീവികൾ വരുന്നത് തടയാൻ കൃത്യമായ പദ്ധതികൾ തയാറാക്കാതെ വനപാലകർ, വഴിയോരത്ത് ബോർഡുവെച്ച് നാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന് കർഷകരും നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.