മറയൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞ കൊടുംകുറ്റവാളിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടി. മറയൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ കൊള്ളയടിക്കുകയും തമിഴ്നാട്ടില്‍ കൊലപാതകം, കവര്‍ച്ച, ബലാത്സംഗം ഉള്‍പ്പെടെ 53 കേസിലെ പ്രതിയുമായ ബാലമുരുകനെയാണ് (33) മറയൂര്‍ പൊലീസ് പിടികൂടിയത്.
ആഗസ്റ്റ് 12ന് രാത്രി രണ്ടിന് മറയൂര്‍ കോട്ടക്കുളം ഭാഗത്തെ വര്‍ക്ക്ഷോപ് ഉടമയായ സതീശന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച് മറയൂരിൽനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകൻ ഉള്‍പ്പെടെ നാലുപേർ പിടിയിലായത്.
പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ ദിണ്ഡുക്കല് എസ്.ഐ അശോക് കുമാറിനെ ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ആഗസ്റ്റ് 19നാണ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞത്. പിന്നീട് തമിഴ്നാട് പൊലീസ് പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ കഴിഞ്ഞ 15 ദിവസമായി നടത്തിയ അന്വേഷണത്തിലാണ് തെങ്കാശ്ശി അംബാസമുദ്രം രാമനദി ഡാമിന് സമീപത്തെ കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളിൽനിന്ന് വെള്ളിയാഴ്ച പുലര്‍ച്ച നാലിന് പിടികൂടിയത്.
മറയൂർ ഇന്‍സ്പെക്ടര്‍ ടി.ആർ. ജിജു, എസ്.ഐ അശോക് കുമാര്‍, സി.പി.ഒമാരായ എന്‍.എസ്. സന്തോഷ്, ജോബി ആന്റണി, വി.വി. വിനോദ്, ബോബി എം. തോമസ്, സജുസണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘവും തമിഴ്നാട് അങ്കാലം പൊലീസിലെ സ്പെഷല്‍ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മറയൂരിലെത്തിച്ച പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ പൊലീസിന് പ്രദേശവാസികളും ഡ്രൈവര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ചും പൊന്നാടയണിച്ചും സ്വീകരണം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.